#MeToo

സമൂഹത്തിലെ ഇത്തരം പകൽ മാന്യന്മാരുടെ പുറംപൂച്ചു പിച്ചി ചീന്താതെ ഇനി ഒരു നിമിഷമില്ല. രഞ്ജു ഫോണെടുത്തു “#MeToo, കാലന്മാർ രാജേഷും ബെന്നിയും” എന്ന് ടൈപ്പ് ചെയ്തു, ശേഷം സോഷ്യൽ മീഡിയ ന്യൂസ് ഫീഡിലേക്ക്. ഒപ്പം ഇതനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകൾക്ക് ഐക്യദാർഢ്യവുമാവട്ടെ. ഇവന്മാരുടെ ഉള്ളിലിരുപ്പ് ഇത്ര ഭയാനകമാണെന്ന് കരുതിയിരുന്നില്ല.

കൊല്ലവർഷം ആയിരത്തി….ഇല്ല, കൃത്യമായി ഓർമയില്ല, കുറെ വർഷങ്ങൾക്ക് മുൻപാണ്.

ഒരുമിച്ച്‌ ജോലി ചെയ്‌തിരുന്നവരായിരുന്നു അവരെല്ലാവരും, ബെന്നി, രാജേഷ്, രഞ്ജു.

എല്ലാവരും വിവാഹിതരാണ്. ജോലിക്കിടയിലും ഒഴിവ് സമയങ്ങൾ ഉണ്ടാക്കി അവർ അങ്ങനെ ഒത്തുകൂടി വെടിവട്ടം പറയുന്നത് പതിവായിരുന്നു.

“എനിക്കിന്ന് നേരത്തെ വീട്ടിൽ പോണം, രാവിലത്തെ പാത്രങ്ങൾ കഴുകിയിട്ടില്ല, വൈകിട്ടത്തേക്ക് എന്തേലും ഉണ്ടാക്കുവേം വേണം, ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോ ഇരുട്ടും” സഭ കൊഴുപ്പിക്കാനോ ശരിക്കുമുള്ളതോ എന്തോ, തമാശ രൂപേണ ബെന്നി പറഞ്ഞു.

“അതിനൊക്കെ എൻ്റെ കെട്ടിയോൻ, ഭൂമീൽ കുനിഞ്ഞു പുല്ലെടുക്കില്ല അവൻ,” രഞ്ജു പരിഭവിച്ചു.

“എന്താ ചെയ്ക അല്ലെ? അല്ലേലും ചേരേണ്ടത് ഒന്നും ചേരുകില്ല. അല്ലെങ്കിൽ രഞ്ജു പഠിച്ചിടത്താണ് ബെന്നി പഠിച്ചിരുന്നതെങ്കിലോ? നിങ്ങൾ രണ്ടുപേരും കണ്ടു മുട്ടുന്നു, പ്രേമിക്കുന്നു, കല്യാണം കഴിക്കുന്നു, ബെന്നി കഞ്ഞീം കറീം വെക്കുന്നു, പാത്രം കഴുകുന്നു, അങ്ങനെ രഞ്ജു എന്നും സന്തോഷവതിയായിരിക്കുന്നു,” രാജേഷ്‌ കോമഡിക്കാൻ ശ്രമിച്ചു.

“അതേ അതേ, ബെന്നി ചേട്ടൻ അന്നവിടെ പഠിക്കാൻ വന്നിരുന്നെങ്കിൽ!” രഞ്ജു നെടുവീർപ്പെട്ടു.

എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്,” കറങ്ങുന്ന കസേരയിൽ ബെന്നി ഒന്നൂടെ പ്രൗഢിയിൽ നിവർന്നിരുന്നു.

വർഷങ്ങൾ കഴിഞ്ഞു, സ്ത്രീകൾ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന ആൺ മേൽക്കോയ്മക്കും, അവഗണനകൾക്കും ഒക്കെ എതിരായ് #MeToo ഉൾപ്പെടെ പല മാർഗങ്ങളിൽ ശബ്ദിച്ചു തുടങ്ങി.

“പെണ്ണ് ആണിൻ്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവൻ്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ഇന്നത്തെ പെൺകുട്ടികൾ അങ്ങനെ നിൽക്കില്ല. പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു അവർ പറയും. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാൻ മടിക്കില്ല,” സ്ത്രീകളടക്കം ഇടക്ക് ഗർജ്ജിക്കുകയും മിക്കപ്പോഴും മൗനവ്രതത്തിലാവുകയും ചെയ്യുന്ന സാഹിത്യ ബുദ്ധിജീവികൾ എഴുതി.

“എന്നെ കുറിച്ച് ഇവന്മാർ ഇങ്ങനെയാണോ കരുതിയത്?”

“സ്ത്രീകളെ കുറിച്ച് വന്ന് വന്ന് എന്തും പറയാമെന്ന് ആയോ?”

“എന്ത് സംഭവിച്ചെന്നോ?, എനിക്ക് പറയാൻ തന്നെ ബുദ്ധിമുട്ടാണ്……….”

“രാജേഷും ബെന്നിയും ഞാനും പണ്ട് ഒരുമിച്ച് ജോലി ചെയ്തവരാണ്. ഒരിക്കൽ രാജേഷ് എന്നെക്കുറിച്ച് ബെന്നിയെ ചേർത്ത് ഒരു സ്ത്രീ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിൽ വളരെ മോശമായി സംസാരിച്ചു.”

“എനിക്ക് അന്ന് മുതൽ ഇന്നോളം അതിൽ നിന്ന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ആണ് ഞാൻ #MeeToo വിലൂടെ ലോകത്തെ അറിയിച്ചത്. കാലങ്ങൾ എത്ര കഴിഞ്ഞാലും ഇവനൊന്നും സ്ത്രീയെയോ അവളുടെ മനസ്സിനെയോ മനസ്സിലാവില്ല.”

രഞ്ജു പോസ്റ്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടികൾ കൊടുത്ത് തുടങ്ങി.

—————

കുടുംബകോടതിയിൽ ഭാര്യ കൊടുത്ത വിവാഹമോചന ഹർജ്ജിയിൽ രാജേഷിൻ്റെ ഭാര്യ അയാളുടെ തനിക്കൊണം അക്കമിട്ട് നിരത്തി.

“ഇന്ന് വരെ ഞങ്ങൾക്കൊരു കുറവും ആ മനുഷ്യൻ വരുത്തിയിട്ടില്ല, ഉണ്ണാനും ഉടുക്കാനും ഒന്നിനും. മനുഷ്യർക്ക് തിന്നുകേം ഉടുക്കുകേം മാത്രം പോരല്ലോ, അതിനുമപ്പുറം ചിലതില്ലേ?”

“ഇതിപ്പോ ഒരു പെൺകുട്ടി തന്നെ വന്ന് #MeToo വിലൂടെ ഞാൻ ഇത്രേം കൊല്ലത്തിൽ അറിയാത്ത അയാളുടെ ശരിക്കുള്ള സ്വഭാവം അറിയിച്ച സ്ഥിതിക്ക് അയാളോടൊപ്പം എനിക്ക് ഇനി തുടരാൻ ആവില്ല.”

“ഞാൻ ഇതേപ്പറ്റി ചോദിച്ചപ്പോഴുളള അയാളുടെ ചിരി തന്നെ ഒരു തരത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അല്ലേ?”

“അയാളുടെ അമിത സ്നേഹവും കരുതലും കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. ഇപ്പൊ ശരിക്കും മനസിലായി. ഞാനും എൻ്റെ കുഞ്ഞും എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോളാം.”

വിവാഹ മോചനം കിട്ടിയ അന്ന് അവളിൽ പതിവില്ലാത്ത ഒരു ഉന്മേഷം തെളിഞ്ഞ് നിന്നു.

—————

സോഷ്യൽ മീഡിയയിൽ വന്ന ഇങ്ങനെയൊരു കഥ ശ്രദ്ധയിൽപ്പെട്ട ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന നേതൃത്വത്തോട് സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടു. 

“ഇതൊക്കെ സ്ത്രീകളെ കുറിച്ച് വളരെ മോശമായി എഴുതി ശ്രദ്ധിക്കപ്പെടാനോ അല്ലെങ്കിൽ സ്ത്രീകളോട് മോശമായി മാത്രം പെരുമാറിയിട്ടുള്ളവർ ചെയ്യുന്നതാണ്. ഇങ്ങനെ ഒരു കഥ എഴുതാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു? ഇതാണോ കഥ? സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്നാണോ? ഇവനെയൊക്കെ ആരാണ് എഴുത്തുകാരൻ എന്ന് വിളിക്കുന്നത്? അത് കഥയെന്ന് പറയുന്ന ഇത്തരം സാധനത്തിലോ ജീവിതത്തിലോ എന്തിലായാൽ എന്താ?, ഇത്തരം പരാമര്‍ശങ്ങൾ തികച്ചും അപലപനീയവും ശിക്ഷാര്‍ഹവുമാണ്.”

വനിതാ കമ്മീഷൻ അധ്യക്ഷ പ്രത്യേകം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.

വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന് കാരണം കാണിക്കൽ നോട്ടീസ് കഥാകാരൻ കൈപ്പറ്റി. ഏപ്രിൽ 24 ന് വനിതാ കമ്മീഷൻ മുൻപാകെ ഹാജരായി സ്ത്രീകളെ ഇത്തരത്തിൽ അവഹേളിക്കാൻ ഉണ്ടായ സാഹചര്യത്തിൻ്റെ കാരണം ബോധിപ്പിക്കാൻ ഉള്ള നോട്ടീസ്.

വായിച്ച് തീർന്നതും തൻ്റെ ഉൽകൃഷ്ട സൃഷ്ടികൾ എന്ന് ഊറ്റം കൊണ്ടിരുന്നവ അനാഥമായി കിടന്നിരുന്ന മുറിയിലേക്ക് കഥാകാരൻ ഓടിക്കയറി. എഴുത്തുകുത്തുകൾ വലിച്ചു വാരിയാകെ തപ്പി പരതി.

അവഹേളന കാരണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാതെ അയാൾ ചിന്താമഗ്നനായി. ഇതിലും വലുത് നടക്കുന്ന ഇവിടെ ഈ പറഞ്ഞത് അവഹേളനമെങ്കിൽ ശരിക്കും താൻ കണ്ടിട്ടും കേട്ടിട്ടും ഉള്ള പലതും പറഞ്ഞാൽ എന്താവും അവസ്ഥ? ഇടതും വലതും തപ്പിയ അയാൾ കയ്യിൽ കിട്ടിയ തീപ്പെട്ടി ധൃതിയിൽ  ഉരച്ചു…, കത്തുന്ന കൊള്ളിയിലേക്ക് കുറച്ചു നേരം നോക്കി നിന്നു. കൈ പൊള്ളി ഒന്ന് ഞെട്ടിയ നിമിഷം അടുത്തു കിടന്ന കാരണം കാണിക്കൽ നോട്ടിസിലേക്ക് പെട്ടെന്ന് തീയും പൊള്ളലും പകർന്നു.

ഇനീപ്പോ കാരണം കാണിക്കാൻ പൊകുവേം വേണ്ട, എല്ലാ പ്രശ്നങ്ങളും തീർന്നു.
അയാൾ കത്തുന്ന ആ കടലാസ് കഷണം തൻ്റെ സൃഷ്ടികൾക്കിടയിലേക്ക് ഇട്ടു. സ്ത്രീപുരുഷ വിരുദ്ധതകൾ ആകെ കത്തിയമർന്നു. മടിയിൽ തിരുകിയിരുന്ന ഒരു ബീഡി എടുത്തയാൾ
ആളിപ്പടരുന്ന തീയിൽ നിന്ന് കത്തിച്ചു, ആഞ്ഞു വലിച്ചു തൻ്റെ “കാരണം” വട്ടത്തിൽ ഊതി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *