നട്ടിതാ മോഹം നനച്ചിതോ ദാഹം
കത്തിക്കരിച്ചതാ ഗ്രീഷ്മം
ഇലപൊഴിച്ചു പൂവടർത്തി കാലം
ചുള്ളികളുണങ്ങി വീണ്ടുമാ ഹരിതാഭ
കാലമേറ്റാലും തെളിക്കുവാനാവാത്തവണ്ണം
നഷ്ടത്തിൻ വേദനയിൽ കുളിരുന്ന കാലം
നഷ്ടമാണതിൻ ഭാവങ്ങളിത്രയും ആഴമായ്
സത്യമായ് വിരിയിച്ചതാകെയും …
വസന്തമോ ശൈത്യത്തിൻ തലോടലോ തിട്ടമല്ലേതും
നേർത്തൊരു കുളിരിൽ ഉണങ്ങിയ
തണ്ടതിൽ പൊട്ടിയോ മോഹം തിണിർത്തുവോ വീണ്ടും
ഒന്നുമേ അറിയാത്തൊരാ ജന്മദിശയിലാകവേ
നട്ടം തിരിഞ്ഞിതു ജീവനോ വേദനതൻ കുളിരിന്നു
കാലത്തിൻ മാറ്റമോ അതോ മാറ്റത്തിൻ സ്വപ്നമോ
അറിയുവാനാവില്ലയെങ്കിലോ കാലത്തിന്നാവുമീ
അറിയായ്മയിൽ നിന്നുമറിവിലേയ്ക്കായ്
കാത്തിരിപ്പിന്നാഴങ്ങളിൽ പൂണ്ടു മോഹിയ്ക്കവീണ്ടു-
മെൻ ഹംസമേ കാറ്റേ കുളിരുന്നോരീ മോഹമേ
പൊട്ടിക്കിളർത്തയീ തിണിർപ്പിൽ നീന്നും പൂവായ്,കായായ്
കാലത്തിൻ തരുവായടുത്ത കാലത്തിൻ സന്തതിക്കായ്…
എങ്കിലീ നിമിഷമോ കാത്തിരിപ്പായ് വീണ്ടും കാത്തിരിപ്പായ്
കാത്തിരിയ്ക്ക, മോഹമായ്… സ്വപ്നമായ്…കാത്തിരിയ്ക്ക.