Monthly Archives: March 2022

അഥീന


ഈ ഫോട്ടോ കണ്ട് അഥീന ആരാണ് എന്ന് എന്നോട് ഒത്തിരിയേറെ പേർ ചോദിച്ചു. മൂന്ന് അക്ഷരം മാത്രം പേരിൽ ഉള്ള അഥീനയെ കുറിച്ച് ഞാൻ എത്ര അക്ഷരങ്ങളിൽ കൂടി പറഞ്ഞാൽ മതിയാവുമെന്ന് എനിക്കറിയില്ല.

https://www.manoramaonline.com/district-news/idukki/2021/09/23/idukki-athena-need-help-for-medical-treatments.html

മനോരമയിൽ വന്ന, നടി സീമ. ജി. നായർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുകളിൽ ഉള്ള വാർത്തയിലൂടെ ആണ് ഞാൻ അഥീനയെ കുറിച്ച് അറിയുന്നത്.

അതിലുപരി എൻ്റെ ഭാര്യക്ക് ഉള്ള അതേ അസുഖം (Clival Chordoma) ഉള്ള ആൾ എന്ന നിലയിൽ അഥീനയെ നേരിട്ട് കാണാതെ ഇരിക്കാൻ എന്നെ മനസ്സനുവദിച്ചില്ല. അങ്ങനെ ഞാനും എൻ്റെ സുഹൃത്ത് ഹരിപ്രസാദും കൂടി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒന്നര വർഷത്തിനിടയിൽ തലയിൽ 9 സർജറികളും അതിനു ശേഷം 30 റേഡിയേഷനുകളും, റേഡിയേഷനെ തുടർന്ന് കഴുത്തിന് താഴേക്ക് മുഴുവനായി തളർന്നതിന് ശേഷം കോതമംഗലത്തുള്ള ഒരു സന്നദ്ധ സംഘടനയുടെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്യുന്ന അഥീനയെ കാണാൻ പോവാൻ തീരുമാനിച്ചു. പോവുന്നതിൻ്റെ തലേ ദിവസം അഥീനയുടെ പപ്പയുമായി ഞാൻ സംസാരിച്ചപ്പോൾ ഒരേ അസുഖമുള്ള മറ്റൊരാളെ കാണുമ്പോൾ ഒരു ആശ്വാസം ആകുമെന്ന രീതിയിൽ എൻ്റെ ഭാര്യയെ കൂടി കൊണ്ട് വരണമെന്ന് പറഞ്ഞു.

പക്ഷേ എൻ്റെ മനസ്സിൽ, ഒരേ പ്രായക്കാരായ, ഒരേ അസുഖമുള്ള, ഓപ്പറേഷനുകളും റേഡിയേഷനുകളും ചെയ്ത രണ്ട് പേരിൽ, കഴുത്തിന് താഴേക്ക് മുഴുവനായി തളർന്ന ഒരാൾ, നടക്കുകയും ഇരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന മറ്റൊരാളെ കണ്ടാൽ ഉണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ഓർത്തപ്പോൾ ഭാര്യയെ കൊണ്ട് പോവണമോ എന്ന സംശയമായി.

പിറ്റേന്ന് രാവിലെ “അതി ശക്തമായ കഴുത്തു വേദനയാണ് എനിക്ക് ഇത്രേം ദൂരം യാത്ര ചെയ്യാൻ ആവില്ല” എന്ന് ഭാര്യ പറഞ്ഞതിനാൽ കൊണ്ട് പോവേണ്ടതില്ലല്ലോ എന്ന തെല്ലു ആശ്വാസത്തിൽ ഞാൻ ഹരിയുമായി കോതമംഗലത്തേക്ക് പോയി.

ഞങ്ങൾ ചെന്ന് തിരികെ പോരും വരെയും ചിരിക്കുന്ന മാത്രം മുഖവുമായ് അഥീന. ഞങ്ങളോട് എന്തൊക്കെയോ സംസാരിച്ചു. പലതും ഞങ്ങൾക്ക് മനസിലായില്ല. അടുത്ത കുറച്ചു നാളായി പറയുന്നതൊന്നും നന്നായി മനസിലാവുന്നില്ലെന്ന് അഥീനയുടെ പപ്പയും മമ്മിയും പറഞ്ഞു. എൻ്റെ ഭാര്യയും ഫിസിയോ തെറാപ്പി ചെയ്യുകയാണെന്നും നല്ല മാറ്റം വരുമെന്നും ഞാൻ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

അഥീനയെ ചികിൽസിച്ച ഹോസ്പിറ്റൽ ഇനി ഒന്നും തന്നെ ഞങ്ങൾക്ക് ചെയ്യാൻ ഇല്ല എന്ന് പറഞ്ഞതിനാൽ ഇനി “ആരെ പിടിച്ചാൽ ഊരു കാക്കുമെന്നു” ചിന്തിച്ചു വിഷമിക്കുന്ന അഥീനയുടെ പപ്പയും മമ്മിയും. ആ ശ്രമത്തിൽ അവർ ഞങ്ങളോടും പറഞ്ഞു. എൻ്റെ ഭാര്യയെ ചികിൽസിച്ചയിടത്തു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാമെന്നും അടുത്ത ആഴ്ച്ച തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ തുടർ ചികിത്സ ക്കായി പോവുമ്പോൾ medical records കാണിക്കാ മെന്നും ഏറ്റ് ഞാനും ഹരിയും കൂടി അഥീനയുടെ അടുത്ത് നിന്ന് ചികിത്സാ രേഖകൾ ഫോണിൽ ഫോട്ടോ യെടുത്തു തുടങ്ങി. വളരെയധികം ചികിത്സാ രേഖകൾ. ഫോട്ടോ എടുത്ത് തീരുവോളം നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അഥീന നോക്കി കിടന്നു. ഇങ്ങനെയൊരു അവസ്ഥയിൽ ഇത്ര നിഷ്കളങ്കമായി ഒരാൾ ഇത്രയും നേരം പുഞ്ചിരിയോടെ. ചെറിയ കാര്യങ്ങളിൽ പോലും വേവലാതിപ്പെടുന്ന എന്നെ കുറിച്ചോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി. എന്ത് കൊണ്ടോ നേരെ നോക്കാനുള്ള ധൈര്യമില്ലാതെ ഇടയ്ക്കിടയ്ക്ക് ഞാൻ അഥീനയെ ഒളി കണ്ണിട്ട് നോക്കി. നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി. ചിരിക്കുന്തോറും നേരെ തലയുയർത്തി നോക്കാനുള്ള എൻ്റെ ധൈര്യം കുറഞ്ഞു വരും പോലെ.

“അഥീന എന്നോട് ചോദിച്ചത് എന്താണെന്ന് എനിക്ക് മനസിലായില്ല.”

“എന്താ ഭാര്യയെ കൊണ്ട് വരാഞ്ഞത്” എന്നാണ് ചോദിച്ചത് എന്ന് അഥീനയുടെ മമ്മി എനിക്ക് പറഞ്ഞു തന്നു. അഥീന അത് പറഞ്ഞപ്പോൾ വർഷങ്ങളോളം പരിചയമുള്ള തൻ്റെ ഉറ്റ സുഹൃത്തിനെ കുറിച്ച് ചോദിക്കുന്ന ലാഘവത്വം ആണ് എനിക്ക് തോന്നിയത്. “വയ്യാതെ ഇരിക്കുവാ, പിന്നെ കൊണ്ട് വരാം” എന്ന് ഞാൻ പറഞ്ഞു. അഥീനയുടെ പുഞ്ചിരി കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി. ഫോൺ പെട്ടെന്ന് കയ്യിലെടുത്ത് ” ഇപ്പൊ തന്നെ വാട്‍സ് ആപ്പിൽ വിളിക്കാല്ലോ” എന്ന് ഞാൻ അറിയാതെ പറഞ്ഞു.

വർഷങ്ങൾ പരിചയമുള്ളവരെ പോലെ അഥീന ആവേശത്തോടെ എൻ്റെ ഭാര്യയോടും മകനോടും എന്തൊക്കെയോ സംസാരിച്ചു. എന്താണ് അഥീന പറയുന്നതെന്ന് ഇടക്കിടയ്ക്ക് മമ്മി പറഞ്ഞു കൊടുത്തു.

തിരികെ പോവാൻ ഒരുങ്ങിയപ്പോൾ പപ്പയും മമ്മിയും പറഞ്ഞു അഥീനയോടൊപ്പം ഒരു ഫോട്ടോ എടുത്തിട്ട് പോകാമെന്ന്. ഫോട്ടോ, സ്റ്റാറ്റസ്, പ്രൊഫൈൽ ഇമേജ് ഇത്യാദികളിൽ എല്ലാം തികഞ്ഞ പരാജയം ആയ ഞാൻ അത് വേണ്ട എന്ന മട്ടിൽ ഹരിയുമായി മുഖാമുഖം നോക്കി. ഹരിയും അത് വേണ്ടെന്ന ഭാവത്തിലാണ് എന്നെനിക്ക് തോന്നി. “അതല്ല, അഥീനയ്ക്ക് ഇങ്ങനെ ഫോട്ടോ എടുക്കുന്നത് ഇഷ്ടമാണെന്നും ഇടക്ക് ഇതൊക്കെ കാണിച്ചു കൊടുക്കുമെന്നും” ഉള്ള പപ്പയുടേം മമ്മിയുടേം സ്നേഹ നിർബന്ധത്തിൽ ഞങ്ങൾ അഥീനയ്‌ക്ക് പുറകിൽ നിന്ന് ചിരിച്ചെന്ന് വരുത്തി പോസ് ചെയ്തു.

മൂന്ന് മാസം കൂടുമ്പോഴുള്ള തുടർ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ പോയ ഞങ്ങൾ പുതിയതായി PRO ആയി വന്ന മലയാളി പെൺകുട്ടിയെ കണ്ട് അഥീനയുടെ കാര്യം പറഞ്ഞു. മനോരമയിൽ വന്ന വാർത്തയും Medical records ഉം വാട്ട്സ് ആപ്പിൽ അയച്ചു കൊടുത്തു. ജൂനിയർ ഡോക്ടറിനെ കാണിച്ചിട്ട് പിന്നീട് ഞങ്ങൾ കാണിക്കുന്ന ഡോക്ടറിനെ medical records കാണിക്കാമെന്നും വിവരം അറിയിക്കാമെന്നും ഇടയ്ക്ക് ചോദിച്ചപ്പോൾ സീനിയർ ഡോക്ടറിനെ കാണിക്കാൻ കൊടുത്തിട്ടുണ്ട് എന്നും ആ പെൺകുട്ടി പറഞ്ഞു. അഥീനയുടെ പപ്പയോട് ഇടക്ക് ആ പെൺകുട്ടിയെ വിളിച്ച് അന്വേഷിക്കാൻ ഫോൺ നമ്പർ നൽകി. ഇടയ്ക്ക് അഥീനയുടെ പപ്പ വിളിച്ചപ്പോൾ സീനിയർ ഡോക്ടറിനെ കാണിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തോട് ആ പെൺകുട്ടി പറഞ്ഞതായി പറഞ്ഞു. പിന്നീടൊരിക്കൽ അദ്ദേഹം ഫോൺ ചെയ്തപ്പോൾ ഉടനെ എങ്ങാനും ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചപ്പോൾ വരാമെന്ന് ഞാൻ ഞങ്ങളുടെ പ്രാരാബ്ധ കെട്ടോടൊപ്പം അറിയിച്ചു. ഇടയ്ക്ക് ഒരിക്കൽ അദ്ദേഹം വിളിച്ച് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും ആർസിസി യിൽ പോയാലോ എന്ന് കരുതു വാണെന്നും അവിടെ ആരെയെങ്കിലും പരിച്ചയമുണ്ടോ എന്നും ചോദിച്ചു. അവിടെ ആരുമായും പരിചയമില്ലാത്തതിനാൽ ഹോസ്പിറ്റ ലിലെ ചില general contact details അയച്ചു കൊടുത്തു. ഇടയ്ക്ക് വിളിച്ചപ്പോൾ ഫിസിയോ തെറാപ്പി അധികം ചെയ്യാൻ കഴിയുന്നില്ലെന്നും നാൾക്ക് നാൾ അഥീന ക്ഷീണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചില വലിയ പ്രശ്നങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു വഴി നമ്മുടെ മുൻപിൽ തെളിഞ്ഞ് വരും എന്നൊരു പ്രതീക്ഷ എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. എൻ്റെ ഭാര്യയുടെ രണ്ട് ഓപ്പറേഷനും റേഡിയേഷനും ശേഷവും വീണ്ടും വളരുന്ന ട്യൂമറിൻ്റെ കാര്യത്തിലും എനിക്ക് ആ ശുഭ പ്രതീക്ഷ ഉണ്ട്. അഥീനയുടെ കാര്യത്തിലും എനിക്ക് അങ്ങനെ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ National Geographic ചാനലിലോ മറ്റോ കണ്ട ഒരു വീഡിയോ എൻ്റെ പ്രതീക്ഷ വർധിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അമേരിക്കയിലോ യൂറോപ്പിലോ മറ്റോ കഴുത്തിന് താഴോട്ട് തളർന്നവരിൽ ബ്രെയിൻ സർജറിയിലൂടെ ഇലക്ട്രോണിക് device ഘടിപ്പിച്ച് താഴേക്ക് signals കടത്തിവിടുന്ന ചില ആധുനിക ചികിത്സാ രീതികളിൽ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. തളർന്ന് പോയവരെ അവരുടെ സ്വന്തം കാര്യങ്ങൾ തനിയെ നോക്കാൻ തക്കവണ്ണം പ്രാപ്തരാക്കിയ നിരവധി ഉദാഹരണങ്ങളുടെ വെളിച്ചത്തിൽ അങ്ങനെയെന്തെങ്കിലും നടക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഇനി എന്ത് എന്ന് ഓർത്ത് വിഷമിക്കുന്ന അഥീനയുടെ പപ്പയോട് എൻ്റെ ഭാര്യയുടെ തുടർ ചികിത്സ ആവശ്യത്തിനായി ഞാൻ പുറത്തേക്ക് എവിടെയെങ്കിലും പോവാൻ ശ്രമിക്കുന്നുണ്ടെന്നും നടക്കുമെന്നും അത് പോലെ എന്തെങ്കിലും ചെയ്യാൻ ഉള്ള അവസരം നമ്മുടെ മുന്നിൽ തെളിഞ്ഞ് വരാതെ ഇരിക്കില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ഇത് എഴുതുന്നത് വരെയും ഞാൻ എങ്ങോട്ടും പോയുമില്ല, ഞങ്ങളുടെ മുന്നിൽ ഒരു അവസരവും തുറന്ന് വന്നുമില്ല. ഇതിനായി ഞാൻ ഒന്നും തന്നെ അധികം ശ്രമിച്ചില്ല, അല്ലെങ്കിൽ ശ്രമിക്കാൻ ഉള്ള സാഹചര്യത്തിൽ ആയിരുന്നില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. അഥീനയുടെ പപ്പ യുടെ WhatsApp നമ്പറിൽ നിന്നും അഥീനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എനിക്ക് അയച്ച ആ ഫോട്ടോ കണ്ട ആ നിമിഷം. ഹൊ…

കുറെ കഴിഞ്ഞ് ഞാൻ തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ അന്ന് medical records കൊടുത്ത ആ പെൺകുട്ടിക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു. നിരാശയോ നിസ്സഹായതയോ ഒക്കെ സ്ഫുരിച്ച് നിൽക്കുന്ന ശബ്ദത്തിൽ ആ പെൺകുട്ടി എന്നോട് പറഞ്ഞു. ” അഥീനയുടെ പപ്പ വിളിച്ചപ്പോൾ ആ കുട്ടി അധിക നാൾ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർ പറഞ്ഞ കാര്യം ഞാൻ എങ്ങനെ അദ്ദേഹത്തോട് പറയാനാണ്.”

Sorry my dear, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ഒന്നും, ഒന്നും…..