കുറച്ചു മുൻപ്, എന്നൂച്ചാ ഏകദേശം 11 നും 11.30 നും ഇടയ്ക്ക്.
ഹൈകോർട്ട് വഴി മേനകക്കുള്ള പെട്ടെന്ന് സ്പീഡിൽ എടുത്തും പെട്ടെന്ന് ബ്രേക്ക് ചെയ്തും പോകുന്ന പ്രൈവറ്റ് ബസ്, സ്റ്റോപ്പിൽ നിന്നും കയറാൻ ആരും ഇല്ലാത്തതിനാൽ നിർത്താതെ മുന്നോട്ട് പോയപ്പോൾ ഇറങ്ങാനുള്ള ആൾ ബഹളം വെച്ചു. ബസിലുള്ളവർ മുഴുവൻ കേട്ടിട്ടും ചിലർ വിളിച്ചു പറഞ്ഞിട്ടും ഡ്രൈവറോ കണ്ടക്ടറോ മാത്രം കേട്ടില്ല. സഹികെട്ട അയാൾ ബസിൽ അടിച്ചു ബഹളമുണ്ടാക്കി, ബസ് മുന്നോട്ടു പോകുന്തോറും അടിയുടെ ശക്തിയേറി വന്നു. രക്ഷയില്ലാതെ അയാൾ ബസിൽ ആഞ്ഞടിച്ചു. ട്രാഫിക്കിൽ പെട്ട ബസ് സ്പീഡ് കുറച്ചതും അയാൾ വെളിയിലേക്ക് എടുത്തു ചാടി. ആഞ്ഞടിച്ച ശബ്ദം മാത്രം കേട്ട കണ്ടക്ടർ ആവട്ടെ ബസിനുള്ളിലെ തിരക്കിനിടയിലും മുന്നിൽ നിന്നും പിന്നിലേക്കോടി ബസിൽ അടിച്ചവനെ തല്ലാനെത്തി. റോഡിലൂടെ ഓടി പോവുന്ന അയാളെ മൂന്നാലു പച്ചത്തെറി വിളിച്ചാശ്വസിച്ചു.
ഇത് കഴിഞ്ഞു മൂന്നോ നാലോ മിനിറ്റ് ആയിക്കാണും, ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തു. എല്ലാവരും പെട്ടെന്ന് മുന്നോട്ടു പോയ് പുറകോട്ട് വന്നു. മുന്നിൽ നിന്ന വൃദ്ധ മാത്രം മുന്നോട്ടു പോയ് പുറകോട്ടു വരാതെ താഴെ വീണു. വൃദ്ധ വീണു കിടക്കുന്നതിനിടയിലും, ബസിൽ ഉറക്കെ അടിച്ചുടൻ രോഷം പൂണ്ട അതേ കണ്ടക്ടർ അവരെ ചവിട്ടാതെ കാൽ മാറ്റി വെച്ച് മുന്നോട്ട് നടന്ന് വിളിച്ചു കൂവി. ടിക്കറ്റ്സ്.. ടിക്കറ്റ്സ്… ആളുകൾ കൂടി അവരെ എഴുന്നേൽപ്പിക്കാൻ പാടുപെടുമ്പോഴും ബസ് അടുത്ത പെട്ടെന്നുള്ള ബ്രേക്കിനെന്നവണ്ണം മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. അഞ്ചാറ് സ്റ്റോപ്പ് കഴിഞ്ഞു അവർ ഇറങ്ങി ഏന്തി ഏന്തി റോഡിലൂടെ നടക്കുന്ന സമയവും നേരത്തെ പറഞ്ഞ “പന പോലെ വളരുന്നവൻ” ഫുട്‍ബോഡിൻ്റെ കൈവരിയിൽ പിടിച്ചു ബസിലേക്ക് കയറുന്നവരോടായ് ഉറക്കെ വിളിച്ചു പറഞ്ഞു, “ആ പിടിച്ചോ, പോകാം പോകാം”.