ആദ്യമായാണ്.
ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല.വിറയാര്‍ന്ന വിരലുകള്‍. നെഞ്ചിടിപ്പ് ഏറി വരുന്നു .ഈശ്വരാ അപ്പോള്‍ ഇക്കണ്ടവരൊക്കെ എങ്ങനെയാണാവോ? ആവോ? വേണമെന്നും ഉണ്ട് എന്നാല്‍ എന്നാലാവുമെന്നും തോന്നുന്നില്ല. ആട്ടെ. ഇതില്‍ ഇത്ര വിഷമിക്കാനെന്തിരിക്കുന്നു? ഇങ്ങനെയൊക്കെയല്ലേ ഓരോന്ന്.കണ്ടും കേട്ടും കൊണ്ടും അങ്ങറിയുക തന്നെ. ഇനീപ്പോ ആര്‍ക്കും ഇഷ്ടായീല്ലാച്ചാ? എന്താ ചെയ്ക? അല്ല. എല്ലാര്‍ക്കും ഇഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടോ ഇവിടെ ? ഉണ്ടെങ്കിലോ ? ഞാന്‍ അറിയാതിരുന്നതാണെങ്കിലോ?കാണാതിരുന്നതാണെങ്കിലോ? അനുഭവിക്കാതിരുന്നതാണെങ്കിലോ? അങ്ങനെ എല്ലാം അതാതു സമയത്ത് അറിയുകേം കാണുകേം അനുഭവിക്കുകേം ചെയ്തിരുന്നേലെന്താകുവായിരുന്നു ? ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ വയ്യാത്തതിനാലാണല്ലോ ഈ ഭാരം പേറേണ്ടിവരുന്നത് ? അല്ല ഇനിയിപ്പം ജനനം വൈകല്യത്തോടെയാണെങ്കിലോ? ഹോ… ഈ നശിച്ച ഓര്‍മ്മകള്‍ ! ഇവ ഉള്ളയിടത്തോളംകാലംഇതിനു ജന്മമുണ്ടാവുമെന്നു തോന്നുന്നില്ല .ഇനിയിപ്പം ഓര്‍മ്മയില്ലെങ്കിലോ ?അതും വയ്യ ! ഈശ്വരാ…ഞാന്‍എന്താചെയ്ക? അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇത് മുഴുമിപ്പിക്കുമെന്നു തോന്നുന്നില്ല.അപ്രിയ സത്യമെങ്കിലും എന്നോട് അദ്ദേഹം അത് പറയേണ്ടിയിരുന്നില്ല.അല്ല…ഒരുകണക്കിന് അത് നന്നായി .ഇല്ലെങ്കില്‍ താന്‍ എന്തൊക്കെ കാട്ടികൂട്ടുമായിരുന്നു?
രവി എന്നാണു അദ്ദേഹത്തിന്‍റെ പേര്. ഇനീപ്പോ അദ്ദേഹത്തിന് അറിവില്ലാതെ പറഞ്ഞു പോയതാണെങ്കിലോ ? ഹേയ്! തീര്‍ച്ചയായും അങ്ങനെയാവാന്‍ വഴിയില്ല. ‘ഗൌളീപാത്രം’ എന്ന് പറഞ്ഞു നടന്ന തന്നെ ‘ഗൌരീഗാത്രം’ എന്ന് പറയിച്ച ആളല്ലേ ? അറിവ് ശ്ശീ കൂടുതലുണ്ടെങ്കിലേ ഉള്ളൂ. ഇനീപ്പോ ആ ക്ലാസിലെ ഒറ്റ ഹിന്ദിക്കാരന്‍ ആയതിനാലുള്ള ദേഷ്യം കൊണ്ടാണെങ്കിലോ ?അദ്ദേഹം ക്ലാസ്സിലേക്ക് വരുമ്പോഴൊക്കെ താന്‍ പുറത്തേക്കു പോവുന്നു .അതും താന്‍ മാത്രം. അല്ല..ആര്‍ക്കാ ഇഷ്ടപ്പെടുക ? അതുകൊണ്ടാണെങ്കില്‍ തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! താന്‍ ചെയ്തതും ഒരു തരത്തില്‍ അവഹേളനം തന്നെയല്ലേ ? അല്ല..അല്ല.. താന്‍ അങ്ങനെ പോവാന്‍ കാരണമുണ്ടായിരുന്നു.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ്സില്‍ നിന്നും അദ്ദേഹത്തെ അവഹേളിച്ചുവെന്ന് തോന്നും വിധം (തോന്നലോ ഉള്ളതോ )താന്‍ ഇറങ്ങുന്നു.വഴിയില്‍ കണ്ട ചെടികളെയും നുള്ളി നോവിച്ചു മാവിലെറിഞ്ഞു പേരമരത്തില്‍ കയറി ആസ്വദിച്ചു വീട്ടിലെത്തുന്നു.പാവം എന്‍റെ അമ്മ. ‘പഠിച്ചുക്ഷീണിച്ചു’ വരുന്ന എനിക്ക് വേണ്ടി വിഭവസമൃദ്ദമായ ഊണ് വിളമ്പുന്നു (അമ്മക്ക് കഴിക്കാന്‍ വിഭവസമൃദ്ദമായതു ഉണ്ടാവോ ആവോ ? തീര്‍ച്ചയായും ‘സമൃദ്ദം’ ഉണ്ടാവില്ല ).വെയിലത്ത് വാടി തളര്‍ന്നു എന്ന് അമ്മക്ക് തോന്നുന്ന തന്നെ തിരിച്ചു തണല് പറ്റി പോവണമെന്ന ശാസനയോടെ കണ്‍മറയുന്നവരെ ഇമവെട്ടാതെ അങ്ങനെ …..അങ്ങനെ ……നോക്കി നില്‍ക്കുന്നു.മാവിലെറിയാതെ, പേരയില്‍ കയറാതെ , താന്‍ തിരികെ ക്ലാസ്സിലെത്തുന്നു.ക്ലാസ്സ് നിറയെ ‘ശലഭങ്ങള്‍’.മനസ്സ് അവറ്റകളെ കണ്ട് തുള്ളിചാടുമ്പോഴും കണ്ടില്ലെന്നു നടിച്ച് ഒരു മൂലയ്ക്ക് പോയിരിക്കുന്നു.അവിടെ ഇവിടെ പറന്നതിനു ശേഷം ഒന്ന് രണ്ടെണ്ണം തന്‍റെ ചില്ലകളില്‍ വന്നിരുന്നു പൂവിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു.മനസ്സില്‍ ‘മധു എത്രയും വേഗം നുകരൂ’ എന്ന ചിന്തയില്‍, ‘ഇതില്‍ മധുവില്ല’ എന്ന ഭാവത്തില്‍ താന്‍ ഇരിക്കുന്നു. ചില്ലകൾക്ക് താങ്ങാനാവാത്തവിധം ശലഭങ്ങളുടെ എണ്ണം കൂടുന്നു. മധു തീര്‍ന്ന് വാടി തുടങ്ങിയ പൂവിന്‍റെ ദൈന്യതയില്‍, ഹൃദയത്തില്‍ ഇപ്പൊ വിരിഞ്ഞ പൂവിന്‍റെ ഭാവത്തില്‍ താന്‍ ഹര്‍ഷ പുളകിതനാവുന്നു.
“ഈ മധുപാനത്തില്‍ താല്പര്യമില്ലെങ്കില്‍ പിന്നെന്തിനാ ഇത്ര വേഗം ഇങ്ങോട്ട് കെട്ടി എഴുന്നുള്ളിയത്” എന്ന് ‘ശലഭങ്ങള്‍’ കരുതുന്നുണ്ടാവോ ? ആവോ ? ഇല്ലെന്ന വിശ്വാസത്തില്‍ ആ അനിര്‍വചനീയമായ ആനന്ദം 40 മിനിട്ടിനടുത്ത് അനുഭവിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ അദ്ദേഹത്തെ അവഹേളിക്കുന്നുവെന്നു തോന്നുമാറ് ഇറങ്ങി പൊയ്ക്കൊണ്ടിരുന്നത് . അവഹേളിക്കാതിരുന്നതിനാലാണല്ലോ ഇടക്ക് എപ്പോഴൊക്കെയോ താന്‍ അദ്ദേഹത്തിന്‍റെ ക്ലാസ്സിലിരുന്നതും ഗൌരീഗാത്ര ‘ നിലയിലേക്ക് തന്നെ അദ്ദേഹമുയര്‍ത്തിയതും.എന്നിട്ടും എന്തിനദ്ദേഹം തന്നോട്? ആ വാക്കുകള്‍ കൂരമ്പ് പോലെ തറച്ചു കയറുന്നു.ബാഡ്‌മിന്‍റെണിന് കിട്ടിയ ഒന്നാം സമ്മാനം അത്ര പോര.എന്തോ അതിന് ആ ഒരു ‘ഇത്’ ഇല്ല. പക്ഷെ കവിതാ പാരായണത്തിന് കിട്ടിയ ഒന്നാം സമ്മാനത്തിനു കുറച്ച് ‘ഇത്’ ഉണ്ട് താനും. ഇടക്കെപ്പോഴോ തോന്നിയതാണ്,കഥയ്ക്കോ കവിതയ്ക്കോ ആണ് കിട്ടിയിരുന്നതെങ്കില്‍ ഒത്തിരിയേറെ ‘ഇത്’ ഓടു കൂടി നീളുന്ന കരഘോഷത്തിനിടക്ക് ഒരു വശത്തേക്കും ശ്രദ്ദിക്കാതെ തലയുയര്‍ത്തി സമ്മാനം വാങ്ങി ,ദാഹാര്‍ത്തമായ ‘ശലഭങ്ങളുടെ’ ചുണ്ടുകള്‍ കണ്ടില്ലെന്നു നടിച്ചു (ദാഹം ശലഭങ്ങള്‍ക്കോ പൂവിനോ ? ) സമ്മാനം വാങ്ങി വരാമായിരുന്നു.
പേര് മുന്‍കൂര്‍ കൊടുത്തിട്ടില്ല.പേര് കൊടുത്തിട്ടുള്ളവരെ വിളിക്കുന്നു താനും.ഈ ‘ ഇത് ‘ എന്താണോ പേര് കൊടുക്കേണ്ട അന്ന് തോന്നാഞ്ഞത്? കഥാരചനയാണ് .ഓരോരുത്തരെയായി പേര് വിളിച്ചു അകത്തു കയറ്റുന്നു .പരീക്ഷാ ഹാളിലെ നിശ്ശബ്ദതയില്‍ എഴുതി തുടങ്ങുന്നു.വാതില്‍ക്കല്‍ നിന്ന് പരുമ്മുന്നത് കണ്ടിട്ടാവണം.
“ഉം… എന്താ ? ”
” സര്‍ ! എനിക്കും കഥ എഴുതണമെന്നുണ്ടായിരുന്നു .പേര് കൊടുത്തിട്ടില്ല “.
” നീയതിനു ഹിന്ദിയല്ലേ ? എന്നെ അവഹേളിക്കാന്‍ വേണ്ടി മാത്രം ആ ക്ലാസ്സില്‍ ഹിന്ദി എടുത്ത ഒരേ ഒരാള്‍. ” എന്ന് ചോദിക്കും പോലെ രൂക്ഷമായി അദ്ദേഹം എന്നെ ഒന്ന് നോക്കി.മലയാള കഥകള്‍ക്കിടയില്‍ ഒരു ഹിന്ദി കഥ പ്രതീക്ഷിച്ചിട്ടോ എന്തോ അദ്ദേഹം എനിക്ക് ഉത്തര കടലാസും ചോദ്യപേപ്പറും നല്‍കി .ഒരേ ഒരു ചോദ്യമേയുള്ളൂ.
“മതസൗഹാര്‍ദ്ദം”.
” നിങ്ങള്‍ പള്ളിക്കാരാണോ അമ്പലക്കാരാണോ ” എന്ന് കുട്ടിക്കാലത്ത് തമ്മില്‍ ചോദിക്കുന്നതാണ് പെട്ടെന്ന് ഓര്‍മ വന്നത്.വഴിയേ പോയ വയ്യാവേലി എടുത്തു തോളില്‍ കയറ്റിയതാണ്.ഇനീപ്പോ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ആകെ മാനക്കേടാകും .ഒരു ദീര്‍ഘ നിശ്വാസത്തോട് കൂടി അങ്ങ് തുടങ്ങി. വിജയശ്രീലാളിതനായി മന്ദസ്മിതത്തോടെ ‘ശുഭം’ എഴുതി അടിവരയിട്ടു ഒരു കുത്തും കൊടുത്തു ഒന്ന് കൂടി വായിച്ചു നോക്കാമെന്ന് വെച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അറിയണമല്ലോ ?വായിച്ചു മുന്നേറും തോറും മുഖം ചുളിഞ്ഞു തുടങ്ങി.ഇത് തീരെ അങ്ങോട്ട് ശരിയായിട്ടില്ല.അല്ലേലും ഇമ്മാതിരി പേപ്പറില്‍ എഴുതിയാലേ ഇതൊന്നും ശരിയാകത്തില്ല .ഇരിക്കട്ടെ പേപ്പറിനും ഒന്ന് .
” സമയം തീരാറായി “. അദ്ദേഹം ഒന്ന് കനത്തു .ഇനീപ്പോ രക്ഷയില്ല .നൂല് കെട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ച് പുറത്തേയ്ക്കിറങ്ങി.വാങ്ങുമ്പോളുള്ള നോട്ടത്തിന്‍റെ അര്‍ത്ഥമെന്തായിരുന്നു?
ഉള്ളില്‍ ഉത്തരകടലാസിലെ മതങ്ങളെല്ലാം തമ്മില്‍ വര്‍ഗീയസംഘട്ടനംതുടങ്ങിക്കഴിഞ്ഞു .’ x ‘ ന്‍റെ ആള്‍ക്കാര്‍ ‘ y ‘ ടെ ആളിനെ വെട്ടി .’x ‘ ന്‍റെ വശം താഴ്ന്ന് നിന്ന ത്രാസ് നേരെയാക്കാന്‍ ‘ y ‘ ടെ ആള്‍ക്കാര്‍ ‘ x ‘ ന്‍റെ ആളിന്‍റെ തല വെട്ടി ഗേറ്റില്‍ വെച്ചു. ത്രാസ് പോങ്ങുകേം താഴുകേം ചെയ്തുകൊണ്ടിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ‘ z ‘ എത്തി.ത്രാസില്‍ മുറുകെ പിടുത്തമിട്ടു .ആട്ടം നിന്നു. കൈതൂക്കം ഇട്ടെന്നാരോപിച്ചു ‘ y ‘, ‘ z ‘ ന്‍റെ ആളിനെ കുത്തി. ഇനീപ്പോ കൂട്ടലും കുറയ്ക്കലുമായിട്ടങ്ങനെ പോവും. (‘ x ‘,’ y ‘,’ z ‘ ന് നിര്‍ദ്ദാരണ മൂല്യം കിട്ടാത്തത് ഈയുള്ളവന്റെ കൈ വെട്ടുമോന്നു പേടിച്ചിട്ടാണ് ) ഹോ…വല്ലാത്ത അസ്വസ്ഥത തന്നെ. അദ്ദേഹംഎന്ത് കരുതും? സമ്മാനം കിട്ടുമോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം .ഒറ്റ ഹിന്ദിക്കാരനായി അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ച താന്‍ ഇത്തരത്തിലൊരു കഥ (അതും മലയാളത്തില്‍ ) എഴുതുക വഴി ഇതിലും വലിയ അവഹേളനം ചെയ്യാനുണ്ടോ ? ശ്ശെ ! ഒന്നും വേണ്ടായിരുന്നു .ഹിന്ദിക്കാര്‍ മലയാളം ക്ലാസ്സില്‍ ഇരുന്നാല്‍ ഹിന്ദി മറന്നു പോവുമോ ? അത് മതിയായിരുന്നു .അപ്പോപ്പിന്നെ ‘ഇത് ‘ ?. അതും വേണ്ടായിരുന്നു.മനുഷ്യന്‍ ഇങ്ങനെയോക്കെയാവും ഓരോ പ്രശ്നങ്ങളില്‍ അകപ്പെടുക ! ‘താന്‍’ എന്ന യഥാര്‍ത്ഥ കാരണത്തിന് പകരം ‘അദ്ദേഹം’ , ‘മലയാളം’ , ‘ഇത്’ എന്നൊക്കെ കുറ്റപ്പെടുത്തേണ്ടിയും വരുന്നു .
അയ്യോ ! ഇതെങ്ങനെ സംഭവിച്ചു ? അതോ തന്‍റെ പേരില്‍ തന്നെയുള്ള ആരെങ്കിലും ഈ കോളേജില്‍ ഉണ്ടോ ? അദ്ദേഹത്തിന് തെറ്റിയതാണെങ്കിലോ ?
” ഗൌരിഗാത്രം “!.
അല്ല.തെറ്റിയതല്ല . പിന്നെങ്ങനെ ? ഹ്ഹ…പിടികിട്ടി.വലിയ എഴുത്തുകാരൊക്കെ അങ്ങനെയാണ് .അവരുടെ പല ഉത്കൃഷ്ടസൃഷ്ടികളും അവര്‍ തന്നെ വായിക്കുമ്പോള്‍ ഇതൊന്നും ഒന്നും അല്ലാത്തതായി തോന്നിയിട്ടുണ്ടാവാം .ഈ നൈസര്‍ഗികമായ കഴിവ് എന്ന് പറയുന്നത് ഇതിനെയൊക്കെയായിരിക്കാം. ശരിയാണ് ,ഇങ്ങനെ സുഗന്ധം പരത്തുന്ന എത്രയോ പേരെ എന്തിനെയൊക്കെയോ തനിക്കറിയാം .അവര്‍ / അത് അറിയുന്നില്ല , ഈ സുഗന്ധത്തിന്‍ ഉറവിടം താന്‍ തന്നെയാണെന്ന് .ഇത് അത് തന്നെ .അല്ലെങ്കില്‍ പിന്നെ അതും ഹിന്ദിക്കാരനായ തനിക്ക് കഥാ രചനക്ക് ഒന്നാം സ്ഥാനം ലഭിക്കില്ലല്ലോ ? അദ്ഭുതം കൂറി ആരാധകര്‍ എത്തിത്തുടങ്ങി. അധികാരത്തോടെ ചില്ലകളില്‍ ഇരുന്നവര്‍ അല്പം അകലെ മാറി നില്‍ക്കുന്നു. വാക്കുകളില്‍ ബഹുമാനം.അങ്ങനെ അവര്‍ ആ സുഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തിയിരിക്കുന്നു.ഇത്ര വേഗം ചെപ്പിന്‍റെ അടപ്പ് തുറക്കേണ്ട ആവശ്യമില്ലായിരുന്നു .അമൂല്യമെങ്കിലും ഒന്ന് തന്നെ കുറെ നാളേക്ക് ആവുമ്പോള്‍ മടുപ്പ് തോന്നുകയില്ലേ ?
“അല്ലേലും അവന്‍റെ ആ ഒറ്റക്കുള്ള ഇരിപ്പും ചിന്തേം ഒക്കെ കണ്ടപ്പഴേ ഞാന്‍ വിചാരിച്ചതാ ലവന് ഇത് തന്നെയാ പണിയെന്ന് “.
“ഞാന്‍ എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ട്ടോ.”
“നേരത്തെ മുതലേ എഴുതുമായിരുന്നോ ? ”
എല്ലാവരുമായുള്ള അകലം ഏറി വരുന്നതായി തോന്നി .നിറഞ്ഞ സദസ്. തുടര്‍ച്ചയായ കരഘോഷത്തിനിടയില്‍ ഒരു വശവും നോക്കാതെ താന്‍ വിജയ സമ്മാനങ്ങള്‍ വാങ്ങി .താനൊരു അറിയപ്പെടുന്ന കഥാകാരനാണ് .ആ ‘ഭാവം’ തെല്ലും നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു .’മധു നുകരാന്‍ വെമ്പുന്ന ദാഹാര്‍ത്തമായ ചുണ്ടുകള്‍’.ഇവക്കൊന്നും തന്‍റെ മുന്‍പില്‍ സ്ഥാനമില്ലെന്ന ഭാവത്തില്‍ ഗൌരവത്തോടെ ഇരുന്നു.ആരവങ്ങളൊക്കെയൊഴിഞ്ഞു.എങ്ങും ‘കഥാകാരനോടുള്ള’ ആദരവും സ്നേഹവും മാത്രം .വയറ്റില്‍ ഒരു ‘കഥ’ അങ്ങനെ ചവിട്ടാനും കുത്താനും തുടങ്ങിയിട്ട് നാളേറെയായി.
അദ്ദേഹം വിളിക്കുന്നു .മലയാളം ഭാഷയായി എടുക്കാത്ത താന്‍ആ ഭാഷയില്‍ ഇത്രയേറെ ശോഭിച്ചത് , അദ്ദേഹം ഒന്ന് അനുമോദിക്കുകയെങ്കിലും ചെയ്യാതിരുന്നത് മോശമായിപ്പോയി .അതിനെന്താ ? ആ കുറവ് നികത്താനാണല്ലോ അദ്ദേഹം ഇപ്പോള്‍ വിളിക്കുന്നത് .അനുമോദനത്തില്‍ ആഹ്ലാദിക്കുന്ന നിമിഷം മനസാ കണ്ട് അദ്ദേഹത്തിൻ്റെ അടുക്കലേക്ക്.ഗര്‍ഭവും പേറി ‘ഏന്തി ഏന്തി’എത്തി.
“പറയുന്നത് ഒത്തിരി വിഷമമുണ്ടാക്കുമെന്ന് അറിയാം .എങ്കിലും പറയാതിരിക്കാന്‍ വയ്യ.”
“എന്താണ് സര്‍ ?”
“അത് …..അത് ……………………………..ഒരു ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സൃഷ്ടികളാണെങ്കില്‍ ആരെയും വിജയിയായി പ്രഖ്യാപിക്കേണ്ടതില്ലെന്നും സമ്മാനമൊന്നും തന്നെ കൊടുക്കേണ്ടതില്ലെന്നും ഉണ്ടായിരുന്നുവെങ്കില്‍………. അങ്ങനെയായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ഞാന്‍ തന്നെയെന്നല്ല ആരെയും വിജയിയായി പ്രഖ്യാപിക്കില്ലായിരുന്നു.മറ്റൊന്നും കൊണ്ടല്ല.അത്രയേറെ മോശമായിരുന്നു എല്ലാം.പിന്നെ ആര്‍ക്കെങ്കിലും കൊടുക്കണമല്ലോയെന്നു കരുതി തനിക്ക് തന്നുവെന്നേയുള്ളൂ.”
“സര്‍ “… ശബ്ദം ഇടറി .ഗര്‍ഭം അലസി.ഇല്ല.ഇനി ജന്മമുണ്ടാവുകയില്ല.കുറച്ചു നേരം അങ്ങനെ നിന്നു, അദ്ദേഹം തിരികെ പോവുന്നതും നോക്കി .തിരികെ നടന്നു .ഇനി ‘ശലഭങ്ങള്‍ക്കിടയിലേക്ക്’…ഇനിയിപ്പോ ‘മുഖംമൂടി’ അഴിച്ചുവെയ്ക്കാം സ്വസ്ഥമായി. “മധു വറ്റി തുടങ്ങിയോ ആവോ ? “