Monthly Archives: November 2013

പുഞ്ചിരിയും വാക്കും

കാലങ്ങളേറെയായ് കാണുമ്പോൾ ആ കുട്ടിയും ഞാനും പരസ്പരം പുഞ്ചിരിച്ചു പോന്നു. ഈ മന്ദസ്മിതം ചിരിയാവാതിരിക്കാനും വാക്കുകളാവാതിരിക്കാനും ഇരുവരും മനസ്സുറപ്പിച്ചപൊലെ. പുരുഷന്മാർക്ക് സ്ത്രീകളുടെ വക സ്ഥിരം ലഭിക്കുന്ന പഴിയുടെ ഭാഗമല്ലായിരുന്നുവെങ്കിലും മന്ദസ്മിതത്തിനു തൊട്ടുമുൻപിൽ ഞാൻ സ്വന്തം വക നിരുപദ്രവകാരിയും സർവോപരി ഇമവെട്ടുമ്പോൾ സ്വയം പുഞ്ചിരിച്ചുപോവുന്ന തരത്തിലുള്ളതുമായ ഒരു ‘ഗൂഢം’ കൂടി ചേർത്തു പോന്നു. ആ കുട്ടിയാവട്ടെ താങ്ങും തണലുമുള്ളതോ ഇല്ലാത്തതോ ആയ മന്ദസ്മിതവുമായാണോ വന്നിരുന്നതെന്ന് സഹജപുരുഷന്മാരേയും പോലെ അറിയുവാനുള്ള കഴിവ് എനിക്കും ഉണ്ടായിരുന്നില്ല.

കാലങ്ങൾ ക്ഷണനേരപുഞ്ചിരിപോലെ മിന്നിമാഞ്ഞു. പല സമയങ്ങളിൽ പലപല ആവൃത്തികളിൽ പുഞ്ചിരികൾ ഞങ്ങൾ കൈമാറി. ചിലപ്പോഴൊക്കെ ആ കുട്ടിയുടെ പുഞ്ചിരി വിടർന്ന് ചിരിയുടെ വക്കോളമെത്തിയിരുന്നെങ്കിലും പൊതുവെ ചിരിയിലും സൌഹൃദങ്ങളിലും സ്നേഹപ്രകടനങ്ങളിലുമൊക്കെ അറുപിശുക്കനായ ഞാൻ എന്നിൽ വിരിഞ്ഞ പുഞ്ചിരിയെ വിടരാനും വാക്കോളമെത്താനുമനുവദിച്ചില്ല.

അങ്ങനെ ആ ദിവസം വന്നെത്തി. ഇന്ന് ഒരാളുടെ പുഞ്ചിരി പോലും ഇല്ലാതാവുകയും മറ്റൊരാൾ ഹൃദയം തുറന്ന് ചിരിക്കുകയും ചെയ്യും.

“ഞാൻ വിവാഹിതയാവുകയാണ്. അടുത്തമാസം 10 ന് ആണ്. തീർച്ചയായും വരണം. പ്രാർഥിക്കുകയും അനുഗ്രഹിക്കുകയും വേണം.”

മനസ്സറിഞ്ഞ് ചിരിച്ച് കൊണ്ട് ക്ഷണപത്രം നീട്ടി.

ആ കുട്ടിയുടെ മുഖത്തേയ്ക്ക് നോക്കാനാവാതെ പുഞ്ചിരി എന്നൊന്നുണ്ട് എന്ന ഭാവം പോലുമില്ലാതെ ഞാനത് വാങ്ങി.

‘ഉണങ്ങിയ തണ്ടിലെ തിണിർപ്പ്’

നട്ടിതാ മോഹം നനച്ചിതോ ദാഹം
കത്തിക്കരിച്ചതാ ഗ്രീഷ്മം
ഇലപൊഴിച്ചു പൂവടർത്തി കാലം
ചുള്ളികളുണങ്ങി വീണ്ടുമാ ഹരിതാഭ
കാലമേറ്റാലും തെളിക്കുവാനാവാത്തവണ്ണം
നഷ്ടത്തിൻ വേദനയിൽ കുളിരുന്ന കാലം
നഷ്ടമാണതിൻ ഭാവങ്ങളിത്രയും ആഴമായ്
സത്യമായ് വിരിയിച്ചതാകെയും …

വസന്തമോ ശൈത്യത്തിൻ തലോടലോ തിട്ടമല്ലേതും
നേർത്തൊരു കുളിരിൽ ഉണങ്ങിയ
തണ്ടതിൽ പൊട്ടിയോ മോഹം തിണിർത്തുവോ വീണ്ടും
ഒന്നുമേ അറിയാത്തൊരാ ജന്മദിശയിലാകവേ
നട്ടം തിരിഞ്ഞിതു ജീവനോ വേദനതൻ കുളിരിന്നു
കാലത്തിൻ മാറ്റമോ അതോ മാറ്റത്തിൻ സ്വപ്നമോ

അറിയുവാനാവില്ലയെങ്കിലോ കാലത്തിന്നാവുമീ
അറിയായ്മയിൽ നിന്നുമറിവിലേയ്ക്കായ്‌
കാത്തിരിപ്പിന്നാഴങ്ങളിൽ പൂണ്ടു മോഹിയ്ക്കവീണ്ടു-
മെൻ ഹംസമേ കാറ്റേ കുളിരുന്നോരീ മോഹമേ
പൊട്ടിക്കിളർത്തയീ തിണിർപ്പിൽ നീന്നും പൂവായ്,കായായ്
കാലത്തിൻ തരുവായടുത്ത കാലത്തിൻ സന്തതിക്കായ്‌…

എങ്കിലീ നിമിഷമോ കാത്തിരിപ്പായ് വീണ്ടും കാത്തിരിപ്പായ്
കാത്തിരിയ്ക്ക, മോഹമായ്… സ്വപ്നമായ്…കാത്തിരിയ്ക്ക.