അഥീന

ഈ ഫോട്ടോ കണ്ട് അഥീന ആരാണ് എന്ന് എന്നോട് ഒത്തിരിയേറെ പേർ ചോദിച്ചു. മൂന്ന് അക്ഷരം മാത്രം പേരിൽ ഉള്ള അഥീനയെ കുറിച്ച് ഞാൻ എത്ര അക്ഷരങ്ങളിൽ കൂടി പറഞ്ഞാൽ മതിയാവുമെന്ന് എനിക്കറിയില്ല.

https://www.manoramaonline.com/district-news/idukki/2021/09/23/idukki-athena-need-help-for-medical-treatments.html.html

മനോരമയിൽ വന്ന, നടി സീമ. ജി. നായർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുകളിൽ ഉള്ള വാർത്തയിലൂടെ ആണ് ഞാൻ അഥീനയെ കുറിച്ച് അറിയുന്നത്.

അതിലുപരി എൻ്റെ ഭാര്യക്ക് ഉള്ള അതേ അസുഖം (Clival Chordoma) ഉള്ള ആൾ എന്ന നിലയിൽ അഥീനയെ നേരിട്ട് കാണാതെ ഇരിക്കാൻ എന്നെ മനസ്സനുവദിച്ചില്ല. അങ്ങനെ ഞാനും എൻ്റെ സുഹൃത്ത് ഹരിപ്രസാദും കൂടി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒന്നര വർഷത്തിനിടയിൽ തലയിൽ 9 സർജറികളും അതിനു ശേഷം 30 റേഡിയേഷനുകളും, റേഡിയേഷനെ തുടർന്ന് കഴുത്തിന് താഴേക്ക് മുഴുവനായി തളർന്നതിന് ശേഷം കോതമംഗലത്തുള്ള ഒരു സന്നദ്ധ സംഘടനയുടെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്യുന്ന അഥീനയെ കാണാൻ പോവാൻ തീരുമാനിച്ചു. പോവുന്നതിൻ്റെ തലേ ദിവസം അഥീനയുടെ പപ്പയുമായി ഞാൻ സംസാരിച്ചപ്പോൾ ഒരേ അസുഖമുള്ള മറ്റൊരാളെ കാണുമ്പോൾ ഒരു ആശ്വാസം ആകുമെന്ന രീതിയിൽ എൻ്റെ ഭാര്യയെ കൂടി കൊണ്ട് വരണമെന്ന് പറഞ്ഞു.

പക്ഷേ എൻ്റെ മനസ്സിൽ, ഒരേ പ്രായക്കാരായ, ഒരേ അസുഖമുള്ള, ഓപ്പറേഷനുകളും റേഡിയേഷനുകളും ചെയ്ത രണ്ട് പേരിൽ, കഴുത്തിന് താഴേക്ക് മുഴുവനായി തളർന്ന ഒരാൾ, നടക്കുകയും ഇരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന മറ്റൊരാളെ കണ്ടാൽ ഉണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ഓർത്തപ്പോൾ ഭാര്യയെ കൊണ്ട് പോവണമോ എന്ന സംശയമായി.

പിറ്റേന്ന് രാവിലെ “അതി ശക്തമായ കഴുത്തു വേദനയാണ് എനിക്ക് ഇത്രേം ദൂരം യാത്ര ചെയ്യാൻ ആവില്ല” എന്ന് ഭാര്യ പറഞ്ഞതിനാൽ കൊണ്ട് പോവേണ്ടതില്ലല്ലോ എന്ന തെല്ലു ആശ്വാസത്തിൽ ഞാൻ ഹരിയുമായി കോതമംഗലത്തേക്ക് പോയി.

ഞങ്ങൾ ചെന്ന് തിരികെ പോരും വരെയും ചിരിക്കുന്ന മാത്രം മുഖവുമായ് അഥീന. ഞങ്ങളോട് എന്തൊക്കെയോ സംസാരിച്ചു. പലതും ഞങ്ങൾക്ക് മനസിലായില്ല. അടുത്ത കുറച്ചു നാളായി പറയുന്നതൊന്നും നന്നായി മനസിലാവുന്നില്ലെന്ന് അഥീനയുടെ പപ്പയും മമ്മിയും പറഞ്ഞു. എൻ്റെ ഭാര്യയും ഫിസിയോ തെറാപ്പി ചെയ്യുകയാണെന്നും നല്ല മാറ്റം വരുമെന്നും ഞാൻ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

അഥീനയെ ചികിൽസിച്ച ഹോസ്പിറ്റൽ ഇനി ഒന്നും തന്നെ ഞങ്ങൾക്ക് ചെയ്യാൻ ഇല്ല എന്ന് പറഞ്ഞതിനാൽ ഇനി “ആരെ പിടിച്ചാൽ ഊരു കാക്കുമെന്നു” ചിന്തിച്ചു വിഷമിക്കുന്ന അഥീനയുടെ പപ്പയും മമ്മിയും. ആ ശ്രമത്തിൽ അവർ ഞങ്ങളോടും പറഞ്ഞു. എൻ്റെ ഭാര്യയെ ചികിൽസിച്ചയിടത്തു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാമെന്നും അടുത്ത ആഴ്ച്ച തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ തുടർ ചികിത്സ ക്കായി പോവുമ്പോൾ medical records കാണിക്കാ മെന്നും ഏറ്റ് ഞാനും ഹരിയും കൂടി അഥീനയുടെ അടുത്ത് നിന്ന് ചികിത്സാ രേഖകൾ ഫോണിൽ ഫോട്ടോ യെടുത്തു തുടങ്ങി. വളരെയധികം ചികിത്സാ രേഖകൾ. ഫോട്ടോ എടുത്ത് തീരുവോളം നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അഥീന നോക്കി കിടന്നു. ഇങ്ങനെയൊരു അവസ്ഥയിൽ ഇത്ര നിഷ്കളങ്കമായി ഒരാൾ ഇത്രയും നേരം പുഞ്ചിരിയോടെ. ചെറിയ കാര്യങ്ങളിൽ പോലും വേവലാതിപ്പെടുന്ന എന്നെ കുറിച്ചോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി. എന്ത് കൊണ്ടോ നേരെ നോക്കാനുള്ള ധൈര്യമില്ലാതെ ഇടയ്ക്കിടയ്ക്ക് ഞാൻ അഥീനയെ ഒളി കണ്ണിട്ട് നോക്കി. നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി. ചിരിക്കുന്തോറും നേരെ തലയുയർത്തി നോക്കാനുള്ള എൻ്റെ ധൈര്യം കുറഞ്ഞു വരും പോലെ.

“അഥീന എന്നോട് ചോദിച്ചത് എന്താണെന്ന് എനിക്ക് മനസിലായില്ല.”

“എന്താ ഭാര്യയെ കൊണ്ട് വരാഞ്ഞത്” എന്നാണ് ചോദിച്ചത് എന്ന് അഥീനയുടെ മമ്മി എനിക്ക് പറഞ്ഞു തന്നു. അഥീന അത് പറഞ്ഞപ്പോൾ വർഷങ്ങളോളം പരിചയമുള്ള തൻ്റെ ഉറ്റ സുഹൃത്തിനെ കുറിച്ച് ചോദിക്കുന്ന ലാഘവത്വം ആണ് എനിക്ക് തോന്നിയത്. “വയ്യാതെ ഇരിക്കുവാ, പിന്നെ കൊണ്ട് വരാം” എന്ന് ഞാൻ പറഞ്ഞു. അഥീനയുടെ പുഞ്ചിരി കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി. ഫോൺ പെട്ടെന്ന് കയ്യിലെടുത്ത് ” ഇപ്പൊ തന്നെ വാട്‍സ് ആപ്പിൽ വിളിക്കാല്ലോ” എന്ന് ഞാൻ അറിയാതെ പറഞ്ഞു.

വർഷങ്ങൾ പരിചയമുള്ളവരെ പോലെ അഥീന ആവേശത്തോടെ എൻ്റെ ഭാര്യയോടും മകനോടും എന്തൊക്കെയോ സംസാരിച്ചു. എന്താണ് അഥീന പറയുന്നതെന്ന് ഇടക്കിടയ്ക്ക് മമ്മി പറഞ്ഞു കൊടുത്തു.

തിരികെ പോവാൻ ഒരുങ്ങിയപ്പോൾ പപ്പയും മമ്മിയും പറഞ്ഞു അഥീനയോടൊപ്പം ഒരു ഫോട്ടോ എടുത്തിട്ട് പോകാമെന്ന്. ഫോട്ടോ, സ്റ്റാറ്റസ്, പ്രൊഫൈൽ ഇമേജ് ഇത്യാദികളിൽ എല്ലാം തികഞ്ഞ പരാജയം ആയ ഞാൻ അത് വേണ്ട എന്ന മട്ടിൽ ഹരിയുമായി മുഖാമുഖം നോക്കി. ഹരിയും അത് വേണ്ടെന്ന ഭാവത്തിലാണ് എന്നെനിക്ക് തോന്നി. “അതല്ല, അഥീനയ്ക്ക് ഇങ്ങനെ ഫോട്ടോ എടുക്കുന്നത് ഇഷ്ടമാണെന്നും ഇടക്ക് ഇതൊക്കെ കാണിച്ചു കൊടുക്കുമെന്നും” ഉള്ള പപ്പയുടേം മമ്മിയുടേം സ്നേഹ നിർബന്ധത്തിൽ ഞങ്ങൾ അഥീനയ്‌ക്ക് പുറകിൽ നിന്ന് ചിരിച്ചെന്ന് വരുത്തി പോസ് ചെയ്തു.

മൂന്ന് മാസം കൂടുമ്പോഴുള്ള തുടർ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ പോയ ഞങ്ങൾ പുതിയതായി PRO ആയി വന്ന മലയാളി പെൺകുട്ടിയെ കണ്ട് അഥീനയുടെ കാര്യം പറഞ്ഞു. മനോരമയിൽ വന്ന വാർത്തയും Medical records ഉം വാട്ട്സ് ആപ്പിൽ അയച്ചു കൊടുത്തു. ജൂനിയർ ഡോക്ടറിനെ കാണിച്ചിട്ട് പിന്നീട് ഞങ്ങൾ കാണിക്കുന്ന ഡോക്ടറിനെ medical records കാണിക്കാമെന്നും വിവരം അറിയിക്കാമെന്നും ഇടയ്ക്ക് ചോദിച്ചപ്പോൾ സീനിയർ ഡോക്ടറിനെ കാണിക്കാൻ കൊടുത്തിട്ടുണ്ട് എന്നും ആ പെൺകുട്ടി പറഞ്ഞു. അഥീനയുടെ പപ്പയോട് ഇടക്ക് ആ പെൺകുട്ടിയെ വിളിച്ച് അന്വേഷിക്കാൻ ഫോൺ നമ്പർ നൽകി. ഇടയ്ക്ക് അഥീനയുടെ പപ്പ വിളിച്ചപ്പോൾ സീനിയർ ഡോക്ടറിനെ കാണിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തോട് ആ പെൺകുട്ടി പറഞ്ഞതായി പറഞ്ഞു. പിന്നീടൊരിക്കൽ അദ്ദേഹം ഫോൺ ചെയ്തപ്പോൾ ഉടനെ എങ്ങാനും ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചപ്പോൾ വരാമെന്ന് ഞാൻ ഞങ്ങളുടെ പ്രാരാബ്ധ കെട്ടോടൊപ്പം അറിയിച്ചു. ഇടയ്ക്ക് ഒരിക്കൽ അദ്ദേഹം വിളിച്ച് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും ആർസിസി യിൽ പോയാലോ എന്ന് കരുതു വാണെന്നും അവിടെ ആരെയെങ്കിലും പരിച്ചയമുണ്ടോ എന്നും ചോദിച്ചു. അവിടെ ആരുമായും പരിചയമില്ലാത്തതിനാൽ ഹോസ്പിറ്റ ലിലെ ചില general contact details അയച്ചു കൊടുത്തു. ഇടയ്ക്ക് വിളിച്ചപ്പോൾ ഫിസിയോ തെറാപ്പി അധികം ചെയ്യാൻ കഴിയുന്നില്ലെന്നും നാൾക്ക് നാൾ അഥീന ക്ഷീണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചില വലിയ പ്രശ്നങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു വഴി നമ്മുടെ മുൻപിൽ തെളിഞ്ഞ് വരും എന്നൊരു പ്രതീക്ഷ എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. എൻ്റെ ഭാര്യയുടെ രണ്ട് ഓപ്പറേഷനും റേഡിയേഷനും ശേഷവും വീണ്ടും വളരുന്ന ട്യൂമറിൻ്റെ കാര്യത്തിലും എനിക്ക് ആ ശുഭ പ്രതീക്ഷ ഉണ്ട്. അഥീനയുടെ കാര്യത്തിലും എനിക്ക് അങ്ങനെ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ National Geographic ചാനലിലോ മറ്റോ കണ്ട ഒരു വീഡിയോ എൻ്റെ പ്രതീക്ഷ വർധിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അമേരിക്കയിലോ യൂറോപ്പിലോ മറ്റോ കഴുത്തിന് താഴോട്ട് തളർന്നവരിൽ ബ്രെയിൻ സർജറിയിലൂടെ ഇലക്ട്രോണിക് device ഘടിപ്പിച്ച് താഴേക്ക് signals കടത്തിവിടുന്ന ചില ആധുനിക ചികിത്സാ രീതികളിൽ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. തളർന്ന് പോയവരെ അവരുടെ സ്വന്തം കാര്യങ്ങൾ തനിയെ നോക്കാൻ തക്കവണ്ണം പ്രാപ്തരാക്കിയ നിരവധി ഉദാഹരണങ്ങളുടെ വെളിച്ചത്തിൽ അങ്ങനെയെന്തെങ്കിലും നടക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഇനി എന്ത് എന്ന് ഓർത്ത് വിഷമിക്കുന്ന അഥീനയുടെ പപ്പയോട് എൻ്റെ ഭാര്യയുടെ തുടർ ചികിത്സ ആവശ്യത്തിനായി ഞാൻ പുറത്തേക്ക് എവിടെയെങ്കിലും പോവാൻ ശ്രമിക്കുന്നുണ്ടെന്നും നടക്കുമെന്നും അത് പോലെ എന്തെങ്കിലും ചെയ്യാൻ ഉള്ള അവസരം നമ്മുടെ മുന്നിൽ തെളിഞ്ഞ് വരാതെ ഇരിക്കില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ഇത് എഴുതുന്നത് വരെയും ഞാൻ എങ്ങോട്ടും പോയുമില്ല, ഞങ്ങളുടെ മുന്നിൽ ഒരു അവസരവും തുറന്ന് വന്നുമില്ല. ഇതിനായി ഞാൻ ഒന്നും തന്നെ അധികം ശ്രമിച്ചില്ല, അല്ലെങ്കിൽ ശ്രമിക്കാൻ ഉള്ള സാഹചര്യത്തിൽ ആയിരുന്നില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. അഥീനയുടെ പപ്പ യുടെ WhatsApp നമ്പറിൽ നിന്നും അഥീനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എനിക്ക് അയച്ച ആ ഫോട്ടോ കണ്ട ആ നിമിഷം. ഹൊ…

കുറെ കഴിഞ്ഞ് ഞാൻ തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ അന്ന് medical records കൊടുത്ത ആ പെൺകുട്ടിക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു. നിരാശയോ നിസ്സഹായതയോ ഒക്കെ സ്ഫുരിച്ച് നിൽക്കുന്ന ശബ്ദത്തിൽ ആ പെൺകുട്ടി എന്നോട് പറഞ്ഞു. ” അഥീനയുടെ പപ്പ വിളിച്ചപ്പോൾ ആ കുട്ടി അധിക നാൾ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർ പറഞ്ഞ കാര്യം ഞാൻ എങ്ങനെ അദ്ദേഹത്തോട് പറയാനാണ്.”

Sorry my dear, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ഒന്നും, ഒന്നും…..

#MeToo

സമൂഹത്തിലെ ഇത്തരം പകൽ മാന്യന്മാരുടെ പുറംപൂച്ചു പിച്ചി ചീന്താതെ ഇനി ഒരു നിമിഷമില്ല. രഞ്ജു ഫോണെടുത്തു “#MeToo, കാലന്മാർ രാജേഷും ബെന്നിയും” എന്ന് ടൈപ്പ് ചെയ്തു, ശേഷം സോഷ്യൽ മീഡിയ ന്യൂസ് ഫീഡിലേക്ക്. ഒപ്പം ഇതനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകൾക്ക് ഐക്യദാർഢ്യവുമാവട്ടെ. ഇവന്മാരുടെ ഉള്ളിലിരുപ്പ് ഇത്ര ഭയാനകമാണെന്ന് കരുതിയിരുന്നില്ല.

കൊല്ലവർഷം ആയിരത്തി….ഇല്ല, കൃത്യമായി ഓർമയില്ല, കുറെ വർഷങ്ങൾക്ക് മുൻപാണ്.

ഒരുമിച്ച്‌ ജോലി ചെയ്‌തിരുന്നവരായിരുന്നു അവരെല്ലാവരും, ബെന്നി, രാജേഷ്, രഞ്ജു.

എല്ലാവരും വിവാഹിതരാണ്. ജോലിക്കിടയിലും ഒഴിവ് സമയങ്ങൾ ഉണ്ടാക്കി അവർ അങ്ങനെ ഒത്തുകൂടി വെടിവട്ടം പറയുന്നത് പതിവായിരുന്നു.

“എനിക്കിന്ന് നേരത്തെ വീട്ടിൽ പോണം, രാവിലത്തെ പാത്രങ്ങൾ കഴുകിയിട്ടില്ല, വൈകിട്ടത്തേക്ക് എന്തേലും ഉണ്ടാക്കുവേം വേണം, ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോ ഇരുട്ടും” സഭ കൊഴുപ്പിക്കാനോ ശരിക്കുമുള്ളതോ എന്തോ, തമാശ രൂപേണ ബെന്നി പറഞ്ഞു.

“അതിനൊക്കെ എൻ്റെ കെട്ടിയോൻ, ഭൂമീൽ കുനിഞ്ഞു പുല്ലെടുക്കില്ല അവൻ,” രഞ്ജു പരിഭവിച്ചു.

“എന്താ ചെയ്ക അല്ലെ? അല്ലേലും ചേരേണ്ടത് ഒന്നും ചേരുകില്ല. അല്ലെങ്കിൽ രഞ്ജു പഠിച്ചിടത്താണ് ബെന്നി പഠിച്ചിരുന്നതെങ്കിലോ? നിങ്ങൾ രണ്ടുപേരും കണ്ടു മുട്ടുന്നു, പ്രേമിക്കുന്നു, കല്യാണം കഴിക്കുന്നു, ബെന്നി കഞ്ഞീം കറീം വെക്കുന്നു, പാത്രം കഴുകുന്നു, അങ്ങനെ രഞ്ജു എന്നും സന്തോഷവതിയായിരിക്കുന്നു,” രാജേഷ്‌ കോമഡിക്കാൻ ശ്രമിച്ചു.

“അതേ അതേ, ബെന്നി ചേട്ടൻ അന്നവിടെ പഠിക്കാൻ വന്നിരുന്നെങ്കിൽ!” രഞ്ജു നെടുവീർപ്പെട്ടു.

എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്,” കറങ്ങുന്ന കസേരയിൽ ബെന്നി ഒന്നൂടെ പ്രൗഢിയിൽ നിവർന്നിരുന്നു.

വർഷങ്ങൾ കഴിഞ്ഞു, സ്ത്രീകൾ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന ആൺ മേൽക്കോയ്മക്കും, അവഗണനകൾക്കും ഒക്കെ എതിരായ് #MeToo ഉൾപ്പെടെ പല മാർഗങ്ങളിൽ ശബ്ദിച്ചു തുടങ്ങി.

“പെണ്ണ് ആണിൻ്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവൻ്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ഇന്നത്തെ പെൺകുട്ടികൾ അങ്ങനെ നിൽക്കില്ല. പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു അവർ പറയും. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാൻ മടിക്കില്ല,” സ്ത്രീകളടക്കം ഇടക്ക് ഗർജ്ജിക്കുകയും മിക്കപ്പോഴും മൗനവ്രതത്തിലാവുകയും ചെയ്യുന്ന സാഹിത്യ ബുദ്ധിജീവികൾ എഴുതി.

“എന്നെ കുറിച്ച് ഇവന്മാർ ഇങ്ങനെയാണോ കരുതിയത്?”

“സ്ത്രീകളെ കുറിച്ച് വന്ന് വന്ന് എന്തും പറയാമെന്ന് ആയോ?”

“എന്ത് സംഭവിച്ചെന്നോ?, എനിക്ക് പറയാൻ തന്നെ ബുദ്ധിമുട്ടാണ്……….”

“രാജേഷും ബെന്നിയും ഞാനും പണ്ട് ഒരുമിച്ച് ജോലി ചെയ്തവരാണ്. ഒരിക്കൽ രാജേഷ് എന്നെക്കുറിച്ച് ബെന്നിയെ ചേർത്ത് ഒരു സ്ത്രീ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിൽ വളരെ മോശമായി സംസാരിച്ചു.”

“എനിക്ക് അന്ന് മുതൽ ഇന്നോളം അതിൽ നിന്ന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ആണ് ഞാൻ #MeeToo വിലൂടെ ലോകത്തെ അറിയിച്ചത്. കാലങ്ങൾ എത്ര കഴിഞ്ഞാലും ഇവനൊന്നും സ്ത്രീയെയോ അവളുടെ മനസ്സിനെയോ മനസ്സിലാവില്ല.”

രഞ്ജു പോസ്റ്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടികൾ കൊടുത്ത് തുടങ്ങി.

—————

കുടുംബകോടതിയിൽ ഭാര്യ കൊടുത്ത വിവാഹമോചന ഹർജ്ജിയിൽ രാജേഷിൻ്റെ ഭാര്യ അയാളുടെ തനിക്കൊണം അക്കമിട്ട് നിരത്തി.

“ഇന്ന് വരെ ഞങ്ങൾക്കൊരു കുറവും ആ മനുഷ്യൻ വരുത്തിയിട്ടില്ല, ഉണ്ണാനും ഉടുക്കാനും ഒന്നിനും. മനുഷ്യർക്ക് തിന്നുകേം ഉടുക്കുകേം മാത്രം പോരല്ലോ, അതിനുമപ്പുറം ചിലതില്ലേ?”

“ഇതിപ്പോ ഒരു പെൺകുട്ടി തന്നെ വന്ന് #MeToo വിലൂടെ ഞാൻ ഇത്രേം കൊല്ലത്തിൽ അറിയാത്ത അയാളുടെ ശരിക്കുള്ള സ്വഭാവം അറിയിച്ച സ്ഥിതിക്ക് അയാളോടൊപ്പം എനിക്ക് ഇനി തുടരാൻ ആവില്ല.”

“ഞാൻ ഇതേപ്പറ്റി ചോദിച്ചപ്പോഴുളള അയാളുടെ ചിരി തന്നെ ഒരു തരത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അല്ലേ?”

“അയാളുടെ അമിത സ്നേഹവും കരുതലും കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. ഇപ്പൊ ശരിക്കും മനസിലായി. ഞാനും എൻ്റെ കുഞ്ഞും എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോളാം.”

വിവാഹ മോചനം കിട്ടിയ അന്ന് അവളിൽ പതിവില്ലാത്ത ഒരു ഉന്മേഷം തെളിഞ്ഞ് നിന്നു.

—————

സോഷ്യൽ മീഡിയയിൽ വന്ന ഇങ്ങനെയൊരു കഥ ശ്രദ്ധയിൽപ്പെട്ട ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന നേതൃത്വത്തോട് സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടു. 

“ഇതൊക്കെ സ്ത്രീകളെ കുറിച്ച് വളരെ മോശമായി എഴുതി ശ്രദ്ധിക്കപ്പെടാനോ അല്ലെങ്കിൽ സ്ത്രീകളോട് മോശമായി മാത്രം പെരുമാറിയിട്ടുള്ളവർ ചെയ്യുന്നതാണ്. ഇങ്ങനെ ഒരു കഥ എഴുതാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു? ഇതാണോ കഥ? സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്നാണോ? ഇവനെയൊക്കെ ആരാണ് എഴുത്തുകാരൻ എന്ന് വിളിക്കുന്നത്? അത് കഥയെന്ന് പറയുന്ന ഇത്തരം സാധനത്തിലോ ജീവിതത്തിലോ എന്തിലായാൽ എന്താ?, ഇത്തരം പരാമര്‍ശങ്ങൾ തികച്ചും അപലപനീയവും ശിക്ഷാര്‍ഹവുമാണ്.”

വനിതാ കമ്മീഷൻ അധ്യക്ഷ പ്രത്യേകം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.

വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന് കാരണം കാണിക്കൽ നോട്ടീസ് കഥാകാരൻ കൈപ്പറ്റി. ഏപ്രിൽ 24 ന് വനിതാ കമ്മീഷൻ മുൻപാകെ ഹാജരായി സ്ത്രീകളെ ഇത്തരത്തിൽ അവഹേളിക്കാൻ ഉണ്ടായ സാഹചര്യത്തിൻ്റെ കാരണം ബോധിപ്പിക്കാൻ ഉള്ള നോട്ടീസ്.

വായിച്ച് തീർന്നതും തൻ്റെ ഉൽകൃഷ്ട സൃഷ്ടികൾ എന്ന് ഊറ്റം കൊണ്ടിരുന്നവ അനാഥമായി കിടന്നിരുന്ന മുറിയിലേക്ക് കഥാകാരൻ ഓടിക്കയറി. എഴുത്തുകുത്തുകൾ വലിച്ചു വാരിയാകെ തപ്പി പരതി.

അവഹേളന കാരണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാതെ അയാൾ ചിന്താമഗ്നനായി. ഇതിലും വലുത് നടക്കുന്ന ഇവിടെ ഈ പറഞ്ഞത് അവഹേളനമെങ്കിൽ ശരിക്കും താൻ കണ്ടിട്ടും കേട്ടിട്ടും ഉള്ള പലതും പറഞ്ഞാൽ എന്താവും അവസ്ഥ? ഇടതും വലതും തപ്പിയ അയാൾ കയ്യിൽ കിട്ടിയ തീപ്പെട്ടി ധൃതിയിൽ  ഉരച്ചു…, കത്തുന്ന കൊള്ളിയിലേക്ക് കുറച്ചു നേരം നോക്കി നിന്നു. കൈ പൊള്ളി ഒന്ന് ഞെട്ടിയ നിമിഷം അടുത്തു കിടന്ന കാരണം കാണിക്കൽ നോട്ടിസിലേക്ക് പെട്ടെന്ന് തീയും പൊള്ളലും പകർന്നു.

ഇനീപ്പോ കാരണം കാണിക്കാൻ പൊകുവേം വേണ്ട, എല്ലാ പ്രശ്നങ്ങളും തീർന്നു.
അയാൾ കത്തുന്ന ആ കടലാസ് കഷണം തൻ്റെ സൃഷ്ടികൾക്കിടയിലേക്ക് ഇട്ടു. സ്ത്രീപുരുഷ വിരുദ്ധതകൾ ആകെ കത്തിയമർന്നു. മടിയിൽ തിരുകിയിരുന്ന ഒരു ബീഡി എടുത്തയാൾ
ആളിപ്പടരുന്ന തീയിൽ നിന്ന് കത്തിച്ചു, ആഞ്ഞു വലിച്ചു തൻ്റെ “കാരണം” വട്ടത്തിൽ ഊതി വിട്ടു.

‘പന പോലെ വളരുന്നവർ’

കുറച്ചു മുൻപ്, എന്നൂച്ചാ ഏകദേശം 11 നും 11.30 നും ഇടയ്ക്ക്.

ഹൈകോർട്ട് വഴി മേനകക്കുള്ള പെട്ടെന്ന് സ്പീഡിൽ എടുത്തും പെട്ടെന്ന് ബ്രേക്ക് ചെയ്തും പോകുന്ന പ്രൈവറ്റ് ബസ്, സ്റ്റോപ്പിൽ നിന്നും കയറാൻ ആരും ഇല്ലാത്തതിനാൽ നിർത്താതെ മുന്നോട്ട് പോയപ്പോൾ ഇറങ്ങാനുള്ള ആൾ ബഹളം വെച്ചു. ബസിലുള്ളവർ മുഴുവൻ കേട്ടിട്ടും ചിലർ വിളിച്ചു പറഞ്ഞിട്ടും ഡ്രൈവറോ കണ്ടക്ടറോ മാത്രം കേട്ടില്ല. സഹികെട്ട അയാൾ ബസിൽ അടിച്ചു ബഹളമുണ്ടാക്കി, ബസ് മുന്നോട്ടു പോകുന്തോറും അടിയുടെ ശക്തിയേറി വന്നു. രക്ഷയില്ലാതെ അയാൾ ബസിൽ ആഞ്ഞടിച്ചു. ട്രാഫിക്കിൽ പെട്ട ബസ് സ്പീഡ് കുറച്ചതും അയാൾ വെളിയിലേക്ക് എടുത്തു ചാടി. ആഞ്ഞടിച്ച ശബ്ദം മാത്രം കേട്ട കണ്ടക്ടർ ആവട്ടെ ബസിനുള്ളിലെ തിരക്കിനിടയിലും മുന്നിൽ നിന്നും പിന്നിലേക്കോടി ബസിൽ അടിച്ചവനെ തല്ലാനെത്തി. റോഡിലൂടെ ഓടി പോവുന്ന അയാളെ മൂന്നാലു പച്ചത്തെറി വിളിച്ചാശ്വസിച്ചു.

ഇത് കഴിഞ്ഞു മൂന്നോ നാലോ മിനിറ്റ് ആയിക്കാണും, ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തു. എല്ലാവരും പെട്ടെന്ന് മുന്നോട്ടു പോയ് പുറകോട്ട് വന്നു. മുന്നിൽ നിന്ന വൃദ്ധ മാത്രം മുന്നോട്ടു പോയ് പുറകോട്ടു വരാതെ താഴെ വീണു. വൃദ്ധ വീണു കിടക്കുന്നതിനിടയിലും, ബസിൽ ഉറക്കെ അടിച്ചുടൻ രോഷം പൂണ്ട അതേ കണ്ടക്ടർ അവരെ ചവിട്ടാതെ കാൽ മാറ്റി വെച്ച് മുന്നോട്ട് നടന്ന് വിളിച്ചു കൂവി. ടിക്കറ്റ്സ്.. ടിക്കറ്റ്സ്… ആളുകൾ കൂടി അവരെ എഴുന്നേൽപ്പിക്കാൻ പാടുപെടുമ്പോഴും ബസ് അടുത്ത പെട്ടെന്നുള്ള ബ്രേക്കിനെന്നവണ്ണം മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. അഞ്ചാറ് സ്റ്റോപ്പ് കഴിഞ്ഞു അവർ ഇറങ്ങി ഏന്തി ഏന്തി റോഡിലൂടെ നടക്കുന്ന സമയവും നേരത്തെ പറഞ്ഞ “പന പോലെ വളരുന്നവൻ” ഫുട്‍ബോഡിൻ്റെ കൈവരിയിൽ പിടിച്ചു ബസിലേക്ക് കയറുന്നവരോടായ് ഉറക്കെ വിളിച്ചു പറഞ്ഞു, “ആ പിടിച്ചോ, പോകാം പോകാം”.

എന്‍റെ ജീവന്‍

മരണമേയെൻ്റെ ജീവനേ
ജീവനും മരണവും രൂപവുമില്ലാത്ത
പാപ പ്രായശ്ചിത്തമേ വേഗം വരൂ
എന്‍റെ ജീവനും കൊണ്ട് നീ വേഗം പോവൂ
ഉള്‍ ഹൃദയത്തിലൊരാഞ്ഞിടി വെട്ടുമ്പോള്‍
രക്ഷക്കായെന്മുന്നില്‍ വേഗം വരൂ
എന്‍ പാപഭാരങ്ങള്‍ ചുമലിലേറ്റൂ
ബന്ധങ്ങളാകുമെന്‍ ചങ്ങല മുറിച്ചു മാറ്റൂ
നിദ്രയിലെന്നുമെന്‍ നായകനായ നീ
എന്‍ ഹൃദയത്തിലെങ്ങനെ സ്ഥാനംപറ്റി?
എന്‍ ഹൃദയത്തില്‍ മൂടികിടക്കുന്ന
ഇരുട്ടിനെ മാറ്റുവാന്‍ വേഗം വരൂ…

പേറ്റു നോവിന്‍റെ ‘ഒരു ഇത്’

ആദ്യമായാണ്.

ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല.വിറയാര്‍ന്ന വിരലുകള്‍. നെഞ്ചിടിപ്പ് ഏറി വരുന്നു .ഈശ്വരാ അപ്പോള്‍ ഇക്കണ്ടവരൊക്കെ എങ്ങനെയാണാവോ? ആവോ? വേണമെന്നും ഉണ്ട് എന്നാല്‍ എന്നാലാവുമെന്നും തോന്നുന്നില്ല. ആട്ടെ. ഇതില്‍ ഇത്ര വിഷമിക്കാനെന്തിരിക്കുന്നു? ഇങ്ങനെയൊക്കെയല്ലേ ഓരോന്ന്.കണ്ടും കേട്ടും കൊണ്ടും അങ്ങറിയുക തന്നെ. ഇനീപ്പോ ആര്‍ക്കും ഇഷ്ടായീല്ലാച്ചാ? എന്താ ചെയ്ക? അല്ല. എല്ലാര്‍ക്കും ഇഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടോ ഇവിടെ ? ഉണ്ടെങ്കിലോ ? ഞാന്‍ അറിയാതിരുന്നതാണെങ്കിലോ?കാണാതിരുന്നതാണെങ്കിലോ? അനുഭവിക്കാതിരുന്നതാണെങ്കിലോ? അങ്ങനെ എല്ലാം അതാതു സമയത്ത് അറിയുകേം കാണുകേം അനുഭവിക്കുകേം ചെയ്തിരുന്നേലെന്താകുവായിരുന്നു ? ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ വയ്യാത്തതിനാലാണല്ലോ ഈ ഭാരം പേറേണ്ടിവരുന്നത് ? അല്ല ഇനിയിപ്പം ജനനം വൈകല്യത്തോടെയാണെങ്കിലോ? ഹോ… ഈ നശിച്ച ഓര്‍മ്മകള്‍ ! ഇവ ഉള്ളയിടത്തോളംകാലംഇതിനു ജന്മമുണ്ടാവുമെന്നു തോന്നുന്നില്ല .ഇനിയിപ്പം ഓര്‍മ്മയില്ലെങ്കിലോ ?അതും വയ്യ ! ഈശ്വരാ…ഞാന്‍എന്താചെയ്ക? അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇത് മുഴുമിപ്പിക്കുമെന്നു തോന്നുന്നില്ല.അപ്രിയ സത്യമെങ്കിലും എന്നോട് അദ്ദേഹം അത് പറയേണ്ടിയിരുന്നില്ല.അല്ല…ഒരുകണക്കിന് അത് നന്നായി .ഇല്ലെങ്കില്‍ താന്‍ എന്തൊക്കെ കാട്ടികൂട്ടുമായിരുന്നു?

രവി എന്നാണു അദ്ദേഹത്തിന്‍റെ പേര്. ഇനീപ്പോ അദ്ദേഹത്തിന് അറിവില്ലാതെ പറഞ്ഞു പോയതാണെങ്കിലോ ? ഹേയ്! തീര്‍ച്ചയായും അങ്ങനെയാവാന്‍ വഴിയില്ല. ‘ഗൌളീപാത്രം’ എന്ന് പറഞ്ഞു നടന്ന തന്നെ ‘ഗൌരീഗാത്രം’ എന്ന് പറയിച്ച ആളല്ലേ ? അറിവ് ശ്ശീ കൂടുതലുണ്ടെങ്കിലേ ഉള്ളൂ. ഇനീപ്പോ ആ ക്ലാസിലെ ഒറ്റ ഹിന്ദിക്കാരന്‍ ആയതിനാലുള്ള ദേഷ്യം കൊണ്ടാണെങ്കിലോ ?അദ്ദേഹം ക്ലാസ്സിലേക്ക് വരുമ്പോഴൊക്കെ താന്‍ പുറത്തേക്കു പോവുന്നു .അതും താന്‍ മാത്രം. അല്ല..ആര്‍ക്കാ ഇഷ്ടപ്പെടുക ? അതുകൊണ്ടാണെങ്കില്‍ തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! താന്‍ ചെയ്തതും ഒരു തരത്തില്‍ അവഹേളനം തന്നെയല്ലേ ? അല്ല..അല്ല.. താന്‍ അങ്ങനെ പോവാന്‍ കാരണമുണ്ടായിരുന്നു.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ്സില്‍ നിന്നും അദ്ദേഹത്തെ അവഹേളിച്ചുവെന്ന് തോന്നും വിധം (തോന്നലോ ഉള്ളതോ )താന്‍ ഇറങ്ങുന്നു.വഴിയില്‍ കണ്ട ചെടികളെയും നുള്ളി നോവിച്ചു മാവിലെറിഞ്ഞു പേരമരത്തില്‍ കയറി ആസ്വദിച്ചു വീട്ടിലെത്തുന്നു.പാവം എന്‍റെ അമ്മ. ‘പഠിച്ചുക്ഷീണിച്ചു’ വരുന്ന എനിക്ക് വേണ്ടി വിഭവസമൃദ്ദമായ ഊണ് വിളമ്പുന്നു (അമ്മക്ക് കഴിക്കാന്‍ വിഭവസമൃദ്ദമായതു ഉണ്ടാവോ ആവോ ? തീര്‍ച്ചയായും ‘സമൃദ്ദം’ ഉണ്ടാവില്ല ).വെയിലത്ത്‌ വാടി തളര്‍ന്നു എന്ന് അമ്മക്ക് തോന്നുന്ന തന്നെ തിരിച്ചു തണല് പറ്റി പോവണമെന്ന ശാസനയോടെ കണ്‍മറയുന്നവരെ ഇമവെട്ടാതെ അങ്ങനെ …..അങ്ങനെ ……നോക്കി നില്‍ക്കുന്നു.മാവിലെറിയാതെ, പേരയില്‍ കയറാതെ , താന്‍ തിരികെ ക്ലാസ്സിലെത്തുന്നു.ക്ലാസ്സ്‌ നിറയെ ‘ശലഭങ്ങള്‍’.മനസ്സ് അവറ്റകളെ കണ്ട് തുള്ളിചാടുമ്പോഴും കണ്ടില്ലെന്നു നടിച്ച് ഒരു മൂലയ്ക്ക് പോയിരിക്കുന്നു.അവിടെ ഇവിടെ പറന്നതിനു ശേഷം ഒന്ന് രണ്ടെണ്ണം തന്‍റെ ചില്ലകളില്‍ വന്നിരുന്നു പൂവിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു.മനസ്സില്‍ ‘മധു എത്രയും വേഗം നുകരൂ’ എന്ന ചിന്തയില്‍, ‘ഇതില്‍ മധുവില്ല’ എന്ന ഭാവത്തില്‍ താന്‍ ഇരിക്കുന്നു. ചില്ലകൾക്ക് താങ്ങാനാവാത്തവിധം ശലഭങ്ങളുടെ എണ്ണം കൂടുന്നു. മധു തീര്‍ന്ന് വാടി തുടങ്ങിയ പൂവിന്‍റെ ദൈന്യതയില്‍, ഹൃദയത്തില്‍ ഇപ്പൊ വിരിഞ്ഞ പൂവിന്‍റെ ഭാവത്തില്‍ താന്‍ ഹര്‍ഷ പുളകിതനാവുന്നു.

“ഈ മധുപാനത്തില്‍ താല്പര്യമില്ലെങ്കില്‍ പിന്നെന്തിനാ ഇത്ര വേഗം ഇങ്ങോട്ട് കെട്ടി എഴുന്നുള്ളിയത്” എന്ന് ‘ശലഭങ്ങള്‍’ കരുതുന്നുണ്ടാവോ ? ആവോ ? ഇല്ലെന്ന വിശ്വാസത്തില്‍ ആ അനിര്‍വചനീയമായ ആനന്ദം 40 മിനിട്ടിനടുത്ത് അനുഭവിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ അദ്ദേഹത്തെ അവഹേളിക്കുന്നുവെന്നു തോന്നുമാറ് ഇറങ്ങി പൊയ്ക്കൊണ്ടിരുന്നത് . അവഹേളിക്കാതിരുന്നതിനാലാണല്ലോ ഇടക്ക് എപ്പോഴൊക്കെയോ താന്‍ അദ്ദേഹത്തിന്‍റെ ക്ലാസ്സിലിരുന്നതും ഗൌരീഗാത്ര ‘ നിലയിലേക്ക് തന്നെ അദ്ദേഹമുയര്‍ത്തിയതും.എന്നിട്ടും എന്തിനദ്ദേഹം തന്നോട്? ആ വാക്കുകള്‍ കൂരമ്പ്‌ പോലെ തറച്ചു കയറുന്നു.ബാഡ്‌മിന്‍റെണിന്  കിട്ടിയ ഒന്നാം സമ്മാനം അത്ര പോര.എന്തോ അതിന് ആ ഒരു ‘ഇത്’  ഇല്ല. പക്ഷെ കവിതാ പാരായണത്തിന് കിട്ടിയ ഒന്നാം സമ്മാനത്തിനു കുറച്ച് ‘ഇത്’ ഉണ്ട് താനും. ഇടക്കെപ്പോഴോ തോന്നിയതാണ്,കഥയ്ക്കോ കവിതയ്ക്കോ ആണ് കിട്ടിയിരുന്നതെങ്കില്‍ ഒത്തിരിയേറെ ‘ഇത്’ ഓടു കൂടി നീളുന്ന കരഘോഷത്തിനിടക്ക് ഒരു വശത്തേക്കും ശ്രദ്ദിക്കാതെ തലയുയര്‍ത്തി സമ്മാനം വാങ്ങി ,ദാഹാര്‍ത്തമായ ‘ശലഭങ്ങളുടെ’ ചുണ്ടുകള്‍ കണ്ടില്ലെന്നു നടിച്ചു (ദാഹം ശലഭങ്ങള്‍ക്കോ പൂവിനോ ? ) സമ്മാനം വാങ്ങി വരാമായിരുന്നു.

പേര് മുന്‍‌കൂര്‍ കൊടുത്തിട്ടില്ല.പേര് കൊടുത്തിട്ടുള്ളവരെ വിളിക്കുന്നു താനും.ഈ ‘ ഇത് ‘ എന്താണോ പേര് കൊടുക്കേണ്ട അന്ന് തോന്നാഞ്ഞത്? കഥാരചനയാണ് .ഓരോരുത്തരെയായി പേര് വിളിച്ചു അകത്തു കയറ്റുന്നു .പരീക്ഷാ ഹാളിലെ നിശ്ശബ്ദതയില്‍ എഴുതി തുടങ്ങുന്നു.വാതില്‍ക്കല്‍ നിന്ന് പരുമ്മുന്നത് കണ്ടിട്ടാവണം.

“ഉം… എന്താ ? ”

” സര്‍ ! എനിക്കും കഥ എഴുതണമെന്നുണ്ടായിരുന്നു .പേര് കൊടുത്തിട്ടില്ല “.

” നീയതിനു ഹിന്ദിയല്ലേ ? എന്നെ അവഹേളിക്കാന്‍ വേണ്ടി മാത്രം ആ ക്ലാസ്സില്‍ ഹിന്ദി എടുത്ത ഒരേ ഒരാള്‍. ” എന്ന് ചോദിക്കും പോലെ രൂക്ഷമായി അദ്ദേഹം എന്നെ ഒന്ന് നോക്കി.മലയാള കഥകള്‍ക്കിടയില്‍ ഒരു ഹിന്ദി കഥ പ്രതീക്ഷിച്ചിട്ടോ എന്തോ അദ്ദേഹം എനിക്ക് ഉത്തര കടലാസും ചോദ്യപേപ്പറും നല്‍കി .ഒരേ ഒരു ചോദ്യമേയുള്ളൂ.

“മതസൗഹാര്‍ദ്ദം”.

” നിങ്ങള്‍ പള്ളിക്കാരാണോ അമ്പലക്കാരാണോ ” എന്ന് കുട്ടിക്കാലത്ത് തമ്മില്‍ ചോദിക്കുന്നതാണ് പെട്ടെന്ന് ഓര്‍മ വന്നത്.വഴിയേ പോയ വയ്യാവേലി എടുത്തു തോളില്‍ കയറ്റിയതാണ്.ഇനീപ്പോ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ആകെ മാനക്കേടാകും .ഒരു ദീര്‍ഘ നിശ്വാസത്തോട് കൂടി അങ്ങ് തുടങ്ങി. വിജയശ്രീലാളിതനായി മന്ദസ്മിതത്തോടെ ‘ശുഭം’ എഴുതി അടിവരയിട്ടു ഒരു കുത്തും കൊടുത്തു ഒന്ന് കൂടി വായിച്ചു നോക്കാമെന്ന് വെച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അറിയണമല്ലോ ?വായിച്ചു മുന്നേറും തോറും മുഖം ചുളിഞ്ഞു തുടങ്ങി.ഇത് തീരെ അങ്ങോട്ട്‌ ശരിയായിട്ടില്ല.അല്ലേലും ഇമ്മാതിരി പേപ്പറില്‍ എഴുതിയാലേ ഇതൊന്നും ശരിയാകത്തില്ല .ഇരിക്കട്ടെ പേപ്പറിനും ഒന്ന് .

” സമയം തീരാറായി “. അദ്ദേഹം ഒന്ന് കനത്തു .ഇനീപ്പോ രക്ഷയില്ല .നൂല് കെട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ച് പുറത്തേയ്ക്കിറങ്ങി.വാങ്ങുമ്പോളുള്ള നോട്ടത്തിന്‍റെ അര്‍ത്ഥമെന്തായിരുന്നു?

ഉള്ളില്‍ ഉത്തരകടലാസിലെ മതങ്ങളെല്ലാം തമ്മില്‍ വര്‍ഗീയസംഘട്ടനംതുടങ്ങിക്കഴിഞ്ഞു .’ x ‘ ന്‍റെ  ആള്‍ക്കാര്‍ ‘ y ‘ ടെ ആളിനെ വെട്ടി .’x ‘ ന്‍റെ വശം താഴ്ന്ന് നിന്ന ത്രാസ് നേരെയാക്കാന്‍ ‘ y ‘ ടെ ആള്‍ക്കാര്‍ ‘ x ‘ ന്‍റെ ആളിന്‍റെ തല വെട്ടി ഗേറ്റില്‍ വെച്ചു. ത്രാസ് പോങ്ങുകേം താഴുകേം ചെയ്തുകൊണ്ടിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ‘ z ‘ എത്തി.ത്രാസില്‍ മുറുകെ പിടുത്തമിട്ടു .ആട്ടം നിന്നു. കൈതൂക്കം ഇട്ടെന്നാരോപിച്ചു ‘ y ‘,  ‘ z ‘ ന്‍റെ ആളിനെ കുത്തി. ഇനീപ്പോ കൂട്ടലും കുറയ്ക്കലുമായിട്ടങ്ങനെ പോവും. (‘ x ‘,’ y ‘,’ z ‘ ന് നിര്‍ദ്ദാരണ മൂല്യം കിട്ടാത്തത് ഈയുള്ളവന്റെ കൈ വെട്ടുമോന്നു പേടിച്ചിട്ടാണ് ) ഹോ…വല്ലാത്ത അസ്വസ്ഥത തന്നെ. അദ്ദേഹംഎന്ത് കരുതും? സമ്മാനം കിട്ടുമോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം .ഒറ്റ ഹിന്ദിക്കാരനായി അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ച താന്‍ ഇത്തരത്തിലൊരു കഥ (അതും മലയാളത്തില്‍ ) എഴുതുക വഴി ഇതിലും വലിയ അവഹേളനം ചെയ്യാനുണ്ടോ ? ശ്ശെ ! ഒന്നും വേണ്ടായിരുന്നു .ഹിന്ദിക്കാര്‍ മലയാളം ക്ലാസ്സില്‍ ഇരുന്നാല്‍ ഹിന്ദി മറന്നു പോവുമോ ? അത് മതിയായിരുന്നു .അപ്പോപ്പിന്നെ  ‘ഇത് ‘ ?. അതും വേണ്ടായിരുന്നു.മനുഷ്യന്‍ ഇങ്ങനെയോക്കെയാവും ഓരോ പ്രശ്നങ്ങളില്‍ അകപ്പെടുക ! ‘താന്‍’ എന്ന യഥാര്‍ത്ഥ കാരണത്തിന് പകരം ‘അദ്ദേഹം’ ,   ‘മലയാളം’ , ‘ഇത്’ എന്നൊക്കെ കുറ്റപ്പെടുത്തേണ്ടിയും വരുന്നു .

അയ്യോ ! ഇതെങ്ങനെ സംഭവിച്ചു ? അതോ തന്‍റെ പേരില്‍ തന്നെയുള്ള ആരെങ്കിലും ഈ കോളേജില്‍ ഉണ്ടോ ? അദ്ദേഹത്തിന് തെറ്റിയതാണെങ്കിലോ ?

” ഗൌരിഗാത്രം “!.

അല്ല.തെറ്റിയതല്ല . പിന്നെങ്ങനെ ? ഹ്ഹ…പിടികിട്ടി.വലിയ എഴുത്തുകാരൊക്കെ അങ്ങനെയാണ് .അവരുടെ പല ഉത്കൃഷ്ടസൃഷ്ടികളും അവര്‍ തന്നെ വായിക്കുമ്പോള്‍ ഇതൊന്നും ഒന്നും അല്ലാത്തതായി തോന്നിയിട്ടുണ്ടാവാം .ഈ നൈസര്‍ഗികമായ കഴിവ് എന്ന് പറയുന്നത് ഇതിനെയൊക്കെയായിരിക്കാം. ശരിയാണ് ,ഇങ്ങനെ സുഗന്ധം പരത്തുന്ന എത്രയോ പേരെ എന്തിനെയൊക്കെയോ തനിക്കറിയാം .അവര്‍ / അത് അറിയുന്നില്ല , ഈ സുഗന്ധത്തിന്‍ ഉറവിടം താന്‍ തന്നെയാണെന്ന് .ഇത് അത് തന്നെ .അല്ലെങ്കില്‍ പിന്നെ അതും ഹിന്ദിക്കാരനായ തനിക്ക് കഥാ രചനക്ക് ഒന്നാം സ്ഥാനം ലഭിക്കില്ലല്ലോ ? അദ്ഭുതം കൂറി ആരാധകര്‍ എത്തിത്തുടങ്ങി. അധികാരത്തോടെ ചില്ലകളില്‍ ഇരുന്നവര്‍ അല്പം അകലെ മാറി നില്‍ക്കുന്നു. വാക്കുകളില്‍ ബഹുമാനം.അങ്ങനെ അവര്‍ ആ സുഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തിയിരിക്കുന്നു.ഇത്ര വേഗം ചെപ്പിന്‍റെ അടപ്പ് തുറക്കേണ്ട ആവശ്യമില്ലായിരുന്നു .അമൂല്യമെങ്കിലും ഒന്ന് തന്നെ കുറെ നാളേക്ക് ആവുമ്പോള്‍ മടുപ്പ് തോന്നുകയില്ലേ ?

“അല്ലേലും അവന്‍റെ ആ ഒറ്റക്കുള്ള ഇരിപ്പും ചിന്തേം ഒക്കെ കണ്ടപ്പഴേ ഞാന്‍ വിചാരിച്ചതാ ലവന് ഇത് തന്നെയാ പണിയെന്ന് “.

“ഞാന്‍ എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ട്ടോ.”

“നേരത്തെ മുതലേ എഴുതുമായിരുന്നോ ? ”

എല്ലാവരുമായുള്ള അകലം ഏറി വരുന്നതായി തോന്നി .നിറഞ്ഞ സദസ്. തുടര്‍ച്ചയായ കരഘോഷത്തിനിടയില്‍ ഒരു വശവും നോക്കാതെ താന്‍ വിജയ സമ്മാനങ്ങള്‍ വാങ്ങി .താനൊരു അറിയപ്പെടുന്ന കഥാകാരനാണ് .ആ ‘ഭാവം’ തെല്ലും നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു .’മധു നുകരാന്‍ വെമ്പുന്ന ദാഹാര്‍ത്തമായ ചുണ്ടുകള്‍’.ഇവക്കൊന്നും തന്‍റെ മുന്‍പില്‍ സ്ഥാനമില്ലെന്ന ഭാവത്തില്‍ ഗൌരവത്തോടെ ഇരുന്നു.ആരവങ്ങളൊക്കെയൊഴിഞ്ഞു.എങ്ങും ‘കഥാകാരനോടുള്ള’  ആദരവും സ്നേഹവും മാത്രം .വയറ്റില്‍ ഒരു ‘കഥ’ അങ്ങനെ ചവിട്ടാനും കുത്താനും തുടങ്ങിയിട്ട് നാളേറെയായി.

അദ്ദേഹം വിളിക്കുന്നു .മലയാളം ഭാഷയായി എടുക്കാത്ത താന്‍ആ ഭാഷയില്‍ ഇത്രയേറെ ശോഭിച്ചത് , അദ്ദേഹം ഒന്ന് അനുമോദിക്കുകയെങ്കിലും ചെയ്യാതിരുന്നത് മോശമായിപ്പോയി .അതിനെന്താ ? ആ കുറവ് നികത്താനാണല്ലോ അദ്ദേഹം ഇപ്പോള്‍ വിളിക്കുന്നത്‌ .അനുമോദനത്തില്‍ ആഹ്ലാദിക്കുന്ന നിമിഷം മനസാ കണ്ട് അദ്ദേഹത്തിൻ്റെ അടുക്കലേക്ക്‌.ഗര്‍ഭവും പേറി ‘ഏന്തി ഏന്തി’എത്തി.

“പറയുന്നത് ഒത്തിരി വിഷമമുണ്ടാക്കുമെന്ന് അറിയാം .എങ്കിലും പറയാതിരിക്കാന്‍ വയ്യ.”

“എന്താണ് സര്‍ ?”

“അത് …..അത് ……………………………..ഒരു ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സൃഷ്ടികളാണെങ്കില്‍ ആരെയും വിജയിയായി പ്രഖ്യാപിക്കേണ്ടതില്ലെന്നും സമ്മാനമൊന്നും തന്നെ കൊടുക്കേണ്ടതില്ലെന്നും ഉണ്ടായിരുന്നുവെങ്കില്‍………. അങ്ങനെയായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ഞാന്‍ തന്നെയെന്നല്ല ആരെയും വിജയിയായി പ്രഖ്യാപിക്കില്ലായിരുന്നു.മറ്റൊന്നും കൊണ്ടല്ല.അത്രയേറെ മോശമായിരുന്നു എല്ലാം.പിന്നെ ആര്‍ക്കെങ്കിലും കൊടുക്കണമല്ലോയെന്നു കരുതി തനിക്ക് തന്നുവെന്നേയുള്ളൂ.”

“സര്‍ “… ശബ്ദം ഇടറി .ഗര്‍ഭം അലസി.ഇല്ല.ഇനി ജന്മമുണ്ടാവുകയില്ല.കുറച്ചു നേരം അങ്ങനെ നിന്നു, അദ്ദേഹം തിരികെ പോവുന്നതും നോക്കി .തിരികെ നടന്നു .ഇനി ‘ശലഭങ്ങള്‍ക്കിടയിലേക്ക്’…ഇനിയിപ്പോ ‘മുഖംമൂടി’ അഴിച്ചുവെയ്ക്കാം സ്വസ്ഥമായി. “മധു വറ്റി തുടങ്ങിയോ ആവോ ? “

പുഞ്ചിരിയും വാക്കും…

കാലങ്ങളേറെയായ് കാണുമ്പോൾ ആ കുട്ടിയും ഞാനും പരസ്പരം പുഞ്ചിരിച്ചു പോന്നു. ഈ മന്ദസ്മിതം ചിരിയാവാതിരിക്കാനും വാക്കുകളാവാതിരിക്കാനും ഇരുവരും മനസ്സുറപ്പിച്ചപൊലെ. പുരുഷന്മാർക്ക് സ്ത്രീകളുടെ വക സ്ഥിരം ലഭിക്കുന്ന പഴിയുടെ ഭാഗമല്ലായിരുന്നുവെങ്കിലും മന്ദസ്മിതത്തിനു തൊട്ടുമുൻപിൽ ഞാൻ സ്വന്തം വക നിരുപദ്രവകാരിയും സർവോപരി ഇമവെട്ടുമ്പോൾ സ്വയം പുഞ്ചിരിച്ചുപോവുന്ന തരത്തിലുള്ളതുമായ ഒരു ‘ഗൂഢം’ കൂടി ചേർത്തു പോന്നു. ആ കുട്ടിയാവട്ടെ താങ്ങും തണലുമുള്ളതോ ഇല്ലാത്തതോ ആയ മന്ദസ്മിതവുമായാണോ വന്നിരുന്നതെന്ന് സഹജപുരുഷന്മാരേയും പോലെ അറിയുവാനുള്ള കഴിവ് എനിക്കും ഉണ്ടായിരുന്നില്ല.

കാലങ്ങൾ ക്ഷണനേരപുഞ്ചിരിപോലെ മിന്നിമാഞ്ഞു.പല സമയങ്ങളിൽ പലപല ആവൃത്തികളിൽ പുഞ്ചിരികൾ ഞങ്ങൾ കൈമാറി. ചിലപ്പോഴൊക്കെ ആ കുട്ടിയുടെ പുഞ്ചിരി വിടർന്ന് ചിരിയുടെ വക്കോളമെത്തിയിരുന്നെങ്കിലും പൊതുവെ ചിരിയിലും സൌഹൃദങ്ങളിലും സ്നേഹപ്രകടനങ്ങളിലുമൊക്കെ അറുപിശുക്കനായ ഞാൻ എന്നിൽ വിരിഞ്ഞ പുഞ്ചിരിയെ വിടരാനും വാക്കോളമെത്താനുമനുവദിച്ചില്ല.

അങ്ങനെ ആ ദിവസം വന്നെത്തി .ഇന്ന് ഒരാളുടെ പുഞ്ചിരി പോലും ഇല്ലാതാവുകയും മറ്റൊരാൾ ഹൃദയം തുറന്ന് ചിരിക്കുകയും ചെയ്യും.

“ഞാൻ വിവാഹിതയാവുകയാണ്.അടുത്തമാസം 10 ന് ആണ്. തീർച്ചയായും വരണം.പ്രാർഥിക്കുകയും അനുഗ്രഹിക്കുകയും വേണം.”

മനസ്സറിഞ്ഞ് ചിരിച്ച് കൊണ്ട് ക്ഷണപത്രം നീട്ടി .

ആ കുട്ടിയുടെ മുഖത്തേയ്ക്ക് നോക്കാനാവാതെ പുഞ്ചിരി എന്നൊന്നുണ്ട് എന്ന ഭാവം പോലുമില്ലാതെ ഞാനത് വാങ്ങി .

‘ഉണങ്ങിയ തണ്ടിലെ തിണിർപ്പ്’

നട്ടിതാ മോഹം നനച്ചിതോ ദാഹം
കത്തിക്കരിച്ചതാ ഗ്രീഷ്മം
ഇലപൊഴിച്ചു പൂവടർത്തി കാലം
ചുള്ളികളുണങ്ങി വീണ്ടുമാ ഹരിതാഭ
കാലമേറ്റാലും തെളിക്കുവാനാവാത്തവണ്ണം
നഷ്ടത്തിൻ വേദനയിൽ കുളിരുന്ന കാലം
നഷ്ടമാണതിൻ ഭാവങ്ങളിത്രയും ആഴമായ്
സത്യമായ് വിരിയിച്ചതാകെയും …

വസന്തമോ ശൈത്യത്തിൻ തലോടലോ തിട്ടമല്ലേതും
നേർത്തൊരു കുളിരിൽ ഉണങ്ങിയ
തണ്ടതിൽ പൊട്ടിയോ മോഹം തിണിർത്തുവോ വീണ്ടും
ഒന്നുമേ അറിയാത്തൊരാ ജന്മദിശയിലാകവേ
നട്ടം തിരിഞ്ഞിതു ജീവനോ വേദനതൻ കുളിരിന്നു
കാലത്തിൻ മാറ്റമോ അതോ മാറ്റത്തിൻ സ്വപ്നമോ

അറിയുവാനാവില്ലയെങ്കിലോ കാലത്തിന്നാവുമീ
അറിയായ്മയിൽ നിന്നുമറിവിലേയ്ക്കായ്‌
കാത്തിരിപ്പിന്നാഴങ്ങളിൽ പൂണ്ടു മോഹിയ്ക്കവീണ്ടു-
മെൻ ഹംസമേ കാറ്റേ കുളിരുന്നോരീ മോഹമേ
പൊട്ടിക്കിളർത്തയീ തിണിർപ്പിൽ നീന്നും പൂവായ്,കായായ്
കാലത്തിൻ തരുവായടുത്ത കാലത്തിൻ സന്തതിക്കായ്‌…

എങ്കിലീ നിമിഷമോ കാത്തിരിപ്പായ് വീണ്ടും കാത്തിരിപ്പായ്
കാത്തിരിയ്ക്ക, മോഹമായ്… സ്വപ്നമായ്…കാത്തിരിയ്ക്ക.

കർമം.

നാരായണൻ വിട്ടതൊരുനരജന്മമെന്നാകെ
നിനപ്പിതിലമ്പും നിനപ്പീലയെൻ
മൃഷ്ടാന്നമിദഭോഗാദികളാലഹോ-
കാലം കഴിഞ്ഞിനി കർമങ്ങൾക്കായിതായീ-
പട്ടടക്കൊരു കൊള്ളിതരുന്നിതിലാരംഭം കുറിപ്പതു-
നീയെന്നാൽ പൊലിഞ്ഞതാകർമങ്ങളാകെയും…

കലിയുഗ ‘വരദ’ യും ഭക്തരും

ദേവീ ഭദ്രേ കാർത്ത്യായനീ സോളാർ
വാഴുന്നൊരംബികെ കൈതൊഴുന്നേൻ
രാജ്യഭരണത്തിനായ് കേഴുന്നിതാ
അഴികളിൽ വാഴുന്ന സർവ്വേശ്വരീ
വിദ്യയെന്നിതേ ശ്രേഷ്ഠമാമെന്നു നിനച്ചു നാം
വിഢഡ്യാസുരന്മാരാം വിദ്യാഭാസർ
അവിടുത്തെ മായകൾ, ലീലകളോയെന്നാൽ
സോളാർ പ്രകാശം പോൽ അനന്തതയായ്
രാജ്യത്തിനായ് പൊരുതിയ റാണി ലക്ഷ്മിയും നാരിയായ്
രാജ്യഭാരങ്ങൾ ഒഴുപ്പിക്കും നീയും നാരിയായ്
നിന്‍റെ മായയാലുഴറുന്നു രാജപ്രമുഖർ – പ്രസംഗവീരർ
പിന്നെയക്രമപാരമ്പര്യത്തിൻ സഭാനിഷേധത്താൽ-
ഒരുമിച്ചു രോഷരായ് ഒറ്റക്കെട്ടായെതിർത്തവർ
എങ്കിൽ പ്രജകളാം ഞങ്ങളാകിലോ ബന്ധരായ്
നിന്നിലും പിന്നെ മത,രാഷ്ട്രീയമാകെയും
നിന്‍റെ പാദസ്പർശത്താൽ ‘പുണ്യമാം’
രാജസഭയോ നിശ്ചലം അനിശ്ചിതമായ്
രാജാവൊഴികിലും ഭരണങ്ങൾ മാറിലും
രക്ഷിക്ക ഞങ്ങളെ, കലിയുഗം വാഴുന്ന ശക്തി ദുർഗ്ഗേ
സോളാറിൽനിന്നുരക്ഷനേടി നീ രക്ഷിക്ക മിച്ചമാം
അന്ധർ – സത്യ, ധർമ, നീതി പാലകർ
പുതിയൊരു ഊർജ്ജ രൂപമായ്‌ എത്ത നീ
സോളാർ മടുത്തു നാം മാധ്യമധർമർ
അണു ഊർജ്ജം തന്നെയാവിലോയടുത്തതായ്?
യുറേനിയത്തിൻ സമ്പുഷ്ടമേ നിന്‍റെയനന്ത-
യൂർജ്ജ പ്രവാഹത്തിന്നാനന്ദശ്രോതസ്സിന്നായ്‌
മിസ്‌ കോളിനായ് എസ്എംഎസ് നായ്
പുതിയൊരു പേരിലവതരിക്കൂ മായേ
‘വിദ്യാസമ്പന്നരാം’ ഞങ്ങൾക്ക് വെളിച്ചമേകാൻ…

മോഹങ്ങൾക്ക് ചിത…

മോഹങ്ങൾക്ക് ചിതയൊരുക്കി പന്തം കയ്യിലേന്തി ഞാൻ കണ്ണുംകാതും കൂർപ്പിച്ചു. അവസാന നിമിഷമെങ്കിലും ചിതയിൽ നിന്നൊരനക്കത്തിനായ്…. പൊടുന്നനെ ഇളകിവീണ വിറക് കഷണത്തിന്നിടയിലൂടെ കൈകൾ പൊന്തിക്കുവാനൊരു ശ്രമം. കത്തിയ പന്തംതിരിച്ച്പിടിച്ച് ഞാൻ കൈകൾ കുത്തിതാഴ്ത്തി. ആ …………. എന്ന വേദന വിറകുകൾക്കിടയിൽ നിന്നുമായിരുന്നില്ല, എന്‍റെ കൈകളിൽ വീണ കനലുകൾ തിളങ്ങിയതായിരുന്നു. ഇനി ഉയർത്താനാവാത്ത വിധം ഭാരമുള്ള തടിയെടുത്ത് ഞാൻ വിടവ് അടച്ചു. രാഹുവിനേയും കേതുവിനേയും ഗുളികനേയും കാറ്റിൽ പറത്തി തലയ്ക്ക് മീതേ തീ കൊളുത്തി. രക്ഷപെടരുത്, ഒരു വിധേനയും. പന്തം ഇടതുവശത്തേയ്ക്ക് വലിച്ചെറിയവേ എന്‍റെ ചിതയൊരുക്കാൻ തക്കവണ്ണം നിവർന്നു നിന്ന മാവ് ഇതെന്ന് തെല്ലും ശങ്കയില്ലാതെ, ഇവൻ തന്നെ അടുത്ത മോഹത്തിനുള്ള ചിത എന്ന വ്യാമോഹത്തോടെ ചുവടുകൾ ആഞ്ഞ് വെച്ചു…